വല്യമുത്തശ്ശി ഒരാഴ്ചയായി മീനുനോട് കളിക്കാന്‍ കൂടിയിട്ടില്ല്യ . എപ്പോഴും ഉറക്കാ.
ഇങ്ങനെ ഉറങ്ങിയാല്‍ ബോറടിക്കില്ലേ.
മീനൂന്റെ കൂടെ കളിയ്ക്കാന്‍ വേറെ ആരുമില്ലാന്നു വല്യമുത്തശ്ശിയ്ക്ക് അറിയണതല്ലേ. എന്നിട്ടും ഇങ്ങനെ കിടന്നു ഉറങ്ങാന്‍ നാണാവില്ലേ?
അമ്മയാണേല്‍ വാവാച്ചി വന്നതില്‍ പിന്നെ മീനൂട്ടിയോടു കളിക്കാനേ കൂടാറില്ല. വാവാച്ചി വന്നതില്‍ പിന്നെ എല്ലാര്ക്കും തിരക്കാ.
അമ്മ അടുത്ത്തില്ലേല്‍ അപ്പോള്‍ തന്നെ കരയാന്‍ തുടങ്ങും വാവാച്ചി. അതിനാണേല്‍ നടക്കാനും അറിയില്ല ഇരിക്കാനും അറിയില്ല. എപ്പോഴും അമ്മയോ അമൂമ്മയോ എടുത്തു നടക്കണം. അല്ലെങ്കില്‍ തൊട്ടിലില്‍ ഉറങ്ങും. ഒന്നും മിണ്ടാനും അറിയില്ല.
ഇപ്പോള്‍ വല്യമുത്തശ്ശിക്ക് മാത്രമേ മീനൂനോട് ഇഷ്ടമുള്ളൂ. വല്യമുത്തശ്ശി എപ്പോഴും മീനൂട്ടിടെ കൂടെ തന്നെ ഉണ്ടാവും.
മീനുവും വല്യമുത്തശ്ശിയും മുറ്റത്തെ മൂവാണ്ടന്‍ മാവിന്റെ ചുവട്ടില്‍ എന്തോരം കളികള്‍ ആണെന്നോ കളിക്കുക.
അമ്മൂമ്മ ആണേല്‍ ഇപ്പോള്‍ കഥ പറയാന്‍ പോലും വരാറില്ല. വല്യമുത്തശ്ശിക്ക് ശ്രീരാമന്റെയുടെയും സീതയുടെയും കഥ മാത്രമേ അറിയൂ..
മീനൂനു ആ കഥ ഇപ്പോള്‍ കേട്ടു കേട്ടു മതിയായി.
അമ്മൂമ്മ പറഞ്ഞു തന്ന മഞ്ഞ കിളിയുടെയും പൂവാലി പശുവിന്റെയും ഒക്കെ കഥകള്‍ മീനുവാണ് വല്യ മുത്തശ്ശിക്ക് പറഞ്ഞു കൊടുത്തത്.
പുളിമരത്തിന്റെ ചോട്ടിലെ മുല്ലയില്‍ പറന്നു നടക്കാറുള്ള മഞ്ഞ പൂമ്പാറ്റയെയും കാണാനില്ല. മൂവാണ്ടന്‍ മാവിലെ പാട്ടുകാരി കുയിലും ഇല്ല്ല
മീനൂട്ടിക്കു കരച്ചില്‍ വരുന്നു.
ഇപ്പോഴിതാ മഴയും വന്നു. മഴ പെയ്തു പെയ്തു മുറ്റത്ത് ഒരു ചെറിയ പുഴയും ഉണ്ടായി.
മുത്തശ്ശി വന്നിരുന്നെങ്കില്‍ ബോട്ട് ഉണ്ടാക്കി കളിക്കാമായിരുന്നു.
മീനു വിളിച്ചാല്‍ മുത്തശ്ശി ഉണരില്ലേ. ആരോ മുത്തശ്ശിയുടെ അടുത്ത് ഇരുന്നു മുത്തശ്ശിയുടെ രാമായണം വായിക്കുന്നുണ്ട്. ഇത് കേട്ടിട്ട് മുത്തശ്ശി എങ്ങനെയാ ഉറങ്ങുക. മീനൂനു ഒന്നും മനസ്സിലാവണില്ല. മീനു ഇതുവരെ കണ്ടിട്ടില്ലാത്ത ആരൊക്കെയോ വീട്ടിലേക്കു വരുന്നു. അമ്മൂമ്മ എന്തിനാ കരയണേ.
അമ്മ വന്നു മീനൂനെ എടുത്തു. വല്യ മുത്തശ്ശി മരിച്ചുവത്രേ.
മഴ പെയ്യുമ്പോള്‍ ബോട്ട് ഉണ്ടാക്കി തരാംന്ന് പ്രോമിസ് ചെയ്തതല്ലേ. എന്നിട്ട് പോയി മരിച്ചുവത്രേ.
മീനൂനു ശരിക്കും കരച്ചില്‍ വരുന്നുണ്ട്.
മീനു വല്യ മുത്തശ്ശിയോട് പിണക്കാ.