ഞായറാഴ്ച രാവിലെ ഉണര്‍ന്നിട്ടും മടി പിടിച്ചു ഒന്നു കൂടെ പുതപ്പിനടിയിലേക്കു ചുരുണ്ട് കിടന്നുറങ്ങാന്‍ തുടങ്ങിയപ്പോഴാണ് ഒരു ബീപ് ബീപ് ശബ്ദം. സെല്‍ ഫോണിലെ അലാറം ആണെന്ന് വിചാരിച്ചു ഫോണെടുത്തു ഓഫ് ബട്ടണ്‍ ഒന്നമര്‍ത്തി തിരിഞ്ഞു കിടന്നു ഉറങ്ങാന്‍ തുടങ്ങി. അപ്പോള്‍ ശബ്ദം കൂടുതല്‍ കൂടുതല്‍ ഉച്ചത്തിലാവുന്നു.
ഇത് ഫോണ്‍ അല്ല വേറെ എന്തോ ആണെന്ന് മനസ്സിലായത് അപ്പോഴാണ്. സ്മോക്ക് അലാറം ആണോ? അപ്പാര്ട്ടമെന്റിനുള്ളിലെ സ്മോക്ക് അലാറം ഇടയ്ക്കിടയ്ക്ക് ഒച്ചയുണ്ടാക്കാറുണ്ട് എന്റെ പാചക പരീക്ഷണങ്ങളുടെ ഭീകരത അസഹനീയമാവുമ്പോള്‍. അപ്പോള്‍ ഞാന്‍ ജനാലകള്‍ തുറന്നിട്ടാല്‍ അത് സൈലന്റ് ആവും 1-2 മിനിട്ടുകള്‍ക്കുള്ളില്‍. ഇപ്പോള്‍ പക്ഷേ എന്ത് പറ്റി എന്ന് മനസ്സിലാവുന്നില്ല. ജനാലകള്‍ തുറന്നിട്ടാണ് ഉറങ്ങാന്‍ കിടന്നത്. ഞാന്‍ ആണെങ്കില്‍ ബെഡില്‍ നിന്നു എണീറ്റ് പോലുമില്ല എന്റെ പാചക പരീക്ഷണങ്ങള്‍ തുടങ്ങാന്‍.
പിന്നെയും കുറച്ചു നേരമെടുത്തു ഞാന്‍ ശരിക്കും ഉണര്‍ന്നു പൂര്‍ണ ബോധത്തില്‍ എത്താന്‍. ഇതെന്റെ സ്മോക്ക് അലാറം അല്ല. പക്ഷേ ഫയര്‍ അലാറം ആണെന്ന് മനസ്സിലായത് അപ്പോഴാണ്. " Evacuate the building " എന്ന റെക്കോര്‍ഡ് ചെയ്ത യാന്ത്രിക ശബ്ദവും അപ്പോള്‍ സ്പീക്കറില്‍ നിന്നു കേള്‍ക്കാന്‍ തുടങ്ങി. ഓഹോ ഇത് ശരിക്കും ഫയര്‍ അലാറം ആണല്ലേ? ഇത് വരെ മോക്ക് ഫയര്‍ ഡ്രില്‍ മാത്രമേ കണ്ടിട്ടുള്ളൂ. രാവിലെ തന്നെ എന്നെ പോലെ മറ്റാരോ കാര്യമായി പാചക പരീക്ഷണങ്ങള്‍ തുടങ്ങിയതാവും. സ്മോക്ക് അലാറം അടിക്കുമ്പോള്‍ മെയിന്‍ ഡോര്‍ തുറക്കാന്‍ പാടില്ല.എന്നാല്‍ പുക പുറത്തു പോയി അത് അവസാനം ഫയര്‍ അലാറം ആയി മാറുമെന്നു അറിയാത്ത ആര്‍ക്കോ പറ്റിയ അബദ്ധം. എന്തായാലും പണിയായി. ഓടിക്കോ പെട്ടെന്ന് തന്നെ താഴേക്ക്. ഞങ്ങള്‍ പെട്ടെന്ന് തന്നെ ഫയര്‍ എക്സിറ്റ് വഴി പടികള്‍ ഇറങ്ങി പുറത്തു എത്തി. ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചു എന്ന പറഞ്ഞ പോലെ മഴയും തുടങ്ങി. അങ്ങനെ മഴയും നനഞ്ഞു ഞങ്ങള്‍ പുറത്ത്.
ഫയര്‍ അലാറം അടിച്ചാല്‍ ഫയര്‍ ഡിപ്പാര്‍ട്ട്മെന്റിന് കാള്‍ സിസ്റ്റം തന്നെ നല്‍കും എന്ന് ആരോ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് അങ്ങനെ ഒരു ടെന്‍ഷന്‍ വേണ്ട. ഓരോരുത്തരായി മന്ദം മന്ദം ഇറങ്ങി വരുകയാണ്. ആദ്യമായിട്ടാണ് മേക്ക് അപ്പ് ഇല്ലാതെ ഇവരെയൊക്കെ കാണുന്നത്. ബാത്ത് റോബിലും സ്ലീപ് വെയറിലും ഒക്കെയാണ് പലരും.
ഫയര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ വാഹനങ്ങള്‍ വന്നു പല പല ദിക്കുകളില്‍ നിന്നും. ആറാമത്തെ നിലയിലാണ് പ്രോബ്ലം എന്നും കണ്ടെത്തി. ഒക്കെ കഴിഞ്ഞപ്പോള്‍ അതാ വരുന്നു കുറച്ചുപേര്‍ ഉള്ളില്‍ നിന്നും. ഒരു സംശയവും വെണ്ട. മലയാളികള്‍ തന്നെ. ചത്ത് കിടന്നാലും ചമഞ്ഞു കിടക്കണം എന്ന പ്രമാണം മറക്കാന്‍ പാടില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട്. ലിപ്സ്ടിക്ക് മസ്കാര ഒന്നും ഇടാന്‍ മറന്നിട്ടില്ല.
എന്താ കഥ. നമ്മള് മലയാളികളുടെ ഒരു കാര്യം... :)