Wednesday, January 19, 2011

നീലത്തടാകം

നീലതടാകങ്ങളോ നിന്‍ നീല നയനങ്ങളോ...

സംശയിക്കേണ്ട..നീലത്തടാകം തന്നെയാണ്. മനസ്സിലുള്ള തടാക ചിത്രത്തിന്റെ ഏറ്റവും മനോഹരമായ പ്രതിഫലനം കണ്മുന്നില്‍ കണ്ടപ്പോള്‍ ഉണ്ടായ വിഭ്രാന്തിയില്‍ പാടി പോയതാ..
ന്യൂ സീലന്റിലെ റോട്ടറുവാ -യില്‍ എനിക്കേറ്റവും ഇഷ്ടമായ സ്പോട്ട്.  നീല തടാകത്തിനു തൊട്ടടുത്ത്‌ തന്നെ ഒരു പച്ച തടാകവും.

വെള്ളി മണല്‍ തീരം .. മനോഹരമായ ഇരുണ്ട നീലനിറമുള്ള തെളിഞ്ഞ വെള്ളം. മൂന്നുവശവും പച്ചനിറമുള്ള കുന്നുകളാല്‍ ചുറ്റപ്പെട്ട ഉഷ്ണ തടാകം. ഉഷ്ണ തടാകം എന്ന് പറഞ്ഞാല്‍ തിളയ്ക്കുന്ന വെള്ളമല്ല. പക്ഷെ നനുത്ത ചൂടുള്ള വെള്ളം.  തൊട്ടടുത്ത്‌ തന്നെയുള്ള പച്ചതടാകത്തില്‍ അതിശൈത്യം.

ന്യൂ സീലാന്റ് വളരെ വളരെ മനോഹരമായ ഒരു രാജ്യമാണ്.. പ്രകൃതി ഇത്രയും മനോഹരമായ ഭാവത്തില്‍ രൂപത്തില്‍ ... ഏറ്റവും പ്രധാനമായി, ഏറ്റവും ശുദ്ധമായ രൂപത്തില്‍ വേറൊരിടത്തും ഞാന്‍ കണ്ടിട്ടില്ല..ഒരു പക്ഷെ ലോകത്തിലെ തന്നെ ഏറ്റവും മനോഹരമയ സ്ഥലമായിരിക്കും ദൈവത്തിന്റെ ഈ സ്വന്തം നാട്.  ന്യൂ സീലന്റിലെ ഏറ്റവും മനോഹരമയ സ്ഥലങ്ങള്‍ ഞാന്‍ ഇത് വരെ കണ്ടിട്ടില്ല കേട്ടോ. പക്ഷെ കണ്ടത് തന്നെ വര്‍ണനാതീതം. ക്യാമറ കണ്ണുകള്‍ ഒട്ടും തന്നെ നീതി പുലര്‍ത്തുന്നില്ല ചിത്രങ്ങളില്‍.

പ്രകൃതിയിലെ പല പല രഹസ്യങ്ങളും ഒളിപ്പിച്ചു  വച്ചിരിക്കുന്നു ഭൂമിയിലെ ഏറ്റവും പ്രായം കുറഞ്ഞ ഈ പ്രദേശം. പ്രകൃതി പലപ്പോഴും ഇവിടെ സംഹാര നൃത്തമാടുന്നതും  അത്കൊണ്ട് തന്നെയാണ്.
മലനിരകളും മനോഹരമായ കാടുകളും തടാകങ്ങളും മാത്രമല്ല, അഗ്നിപര്‍വതങ്ങളും ഉഷ്ണ നീരുറവകളും പിന്നെ എനിക്ക് മലയാളത്തില്‍ പേരറിയാത്ത പലതും ഇവിടെയുണ്ട്.
ഏറ്റവും രസകരമായ മറ്റൊരു കാര്യം ഇവിടെയുള്ള ഓരോ മലയ്ക്കും തടാകത്തിനും അഗ്നി പര്‍വതത്തിനുമൊക്കെ ഓരോ കഥ പറയാനുണ്ട്‌ എന്നതാണ്.  മിക്കതും ന്യൂ സീലന്റിലെ മാവോരി വംശജരുമായി ബന്ധപ്പെട്ട കഥകള്‍. 

നീല തടാകത്തിനും ഒരു കഥ പറയാനുണ്ട്‌. നീല തടാകത്തിനെ ചുറ്റിയുള്ള മലനിരകള്‍ക്കു പറയുന്ന പേരാണ്   ടീ  അഹി -മാനവ..എന്ന് പറഞ്ഞാല്‍ ഹൃദയം ചുട്ട സ്ഥലം. പണ്ട് പണ്ട് ഈ മലനിരകളില്‍ വച്ച് എന്തോ ദുര്‍മന്ത്രവാദം ചെയ്തിരുന്ന ഒരു മന്ത്രവാദിയെ പിടികൂടിയത്രേ. ആ മന്ത്രവാദിയെ കൊന്നു ഹൃദയം ആ മന്ത്രവാദിയുടെ ഹോമകുണ്ഠത്തില്‍ തന്നെ മാറു എന്ന ദേവന് സമര്‍പ്പിച്ചു. അത് ഒരു കഥ.

ഈ തടാകത്തില്‍ താമസിച്ചിരുന്ന ഒരു വ്യാളി  മവോരി തലവന്റെ പുത്രിയെ കൊന്നു തിന്നുവത്രേ. പിന്നീട് നടന്ന യുദ്ധത്തില്‍ മവോരി യോദ്ധാക്കള്‍ ആ വ്യാളിയെ  വക വരുത്തി. അതിന്റെ ഹൃദയം ചുട്ടു മവോരി തലവന്‍ ഭക്ഷിച്ചു. അതും നടന്നത് ഇവിടെ വച്ചാണ്.

മറ്റൊരു കഥ ഈ തടാകത്തിന്റെ പേരുമായി ബന്ധപെട്ടാണ്. ഈ തടാകത്തിന്റെ പേരാണ് ടികി ടാപ്പു. ടികി എന്ന് പറഞ്ഞാല്‍ പച്ച കല്ല്‌ വച്ച മല. മവോരി തലവന്റെ പുത്രിയുടെ പച്ചക്കല്ല് മാല പണ്ട് ഈ തടാകത്തില്‍ നഷ്ടപ്പെട്ടു. തലമുറകളായി കൈ മാറി വന്നിരുന്ന അപൂര്‍വ ശക്തികളുള്ള ആ മാല അനേകം പേര്‍ മുങ്ങി തപ്പിയിട്ടും കിട്ടാതെ ഇപ്പോഴും ഈ തടാകത്തിന്റെ അഗാധതയില്‍ എവിടെയോ ഒളിഞ്ഞു കിടക്കുകയാണത്രേ.

റൊട്ടറുവയെ കുറിച്ച് ഒത്തിരി കഥകള്‍ ഇനിയും പറയാനുണ്ട്‌. ഓരോന്നോരോന്നായി ഞാന്‍ പിന്നീടു പറയാം. :)

12 comments:

  1. കാഴ്ചകള്‍ അതി സുന്ദരം ;പേരുകള്‍ ഭയങ്കരം

    ReplyDelete
  2. നീലത്തടാകത്തിൽ നിന്ന് സ്പൂണൂ കൊണ്ട് വെള്ളം കണ്ണീൽ നിറച്ചവരുണ്ടോ അവിടെ? നല്ല ചിത്രങ്ങൾ, വിവരണം. ന്യൂസിലാന്റിന്റെ കഥകളും പ്രകൃതിയും നിറയട്ടേ ബ്ലോഗിൽ! കാതറീൻ മാൻസ്ഫീൽഡിനെയാണ് ന്യൂസിലാന്റ് എന്ന് കേട്ടാൽ ആദ്യം ഓർമ വരിക!

    ReplyDelete
  3. നല്ല രസമുള്ള കഥകള്‍..മൂന്നാമത്തെ ചിത്രം നല്ലയിഷ്ടമായി.:)

    പിന്നെ തടാകത്തില്‍ താമസിച്ചിരുന്നതായി ഉദ്ദേശിച്ചിരുന്നത് ഡ്രാഗണിനെ ആണോ.അതാണെങ്കില്‍ വ്യാളം ആണോ വ്യാളി അല്ലേ?

    ReplyDelete
  4. നന്നായി.ഇനിയും എഴുതൂ അവിടത്തെ വിശേഷങ്ങള്‍
    എല്ലാ ആശംസകളും

    ReplyDelete
  5. കൂടുതല്‍ ചിത്രങ്ങളും വിശേഷങ്ങളുമായി ഇനിയും വരിക

    ReplyDelete
  6. മനോഹരമായിരിക്കുന്നു..

    ആശംസകളോടെ..

    ReplyDelete
  7. thank you Lakshmi..perukal bheekaramanu...palathum vayikkan polum ariyilla..:)

    ReplyDelete
  8. നീലനയനങ്ങള്‍ ഉള്ള സുന്ദരിമാരും സുന്ദരന്മാരും ഒത്തിരിയുണ്ട് ഇവിടെ. നീലതാടകത്തില്‍ നിന്നാണോ നീലനിറം എന്നറിയില്ല.. :)
    കഥകളും ഐതീഹ്യങ്ങളും ഇന്ത്യയിലാവും ഏറ്റവും കൂടുതല്‍ എന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. പക്ഷേ ഈ കൊച്ചു രാജ്യത്തിലെ കഥകള്‍ കേട്ടപ്പോള്‍ ശരിക്കും അത്ഭുതപ്പെട്ടു പോയി.
    കാതറീന്‍ മാക്സ്ഫീല്‍ഡിന്റെ കഥകള്‍ കഴിഞ്ഞ ആഴ്ച വായിച്ചു തുടങ്ങിയതേ ഉള്ളൂ.
    മാഷുടെ വിലയേറിയ കമന്റ്സിന് ഒത്തിരി നന്ദി.

    ReplyDelete
  9. thank you very much Rose. :)

    തടാകത്തില്‍ താമസിച്ചിരുന്നത് മവോരി ഭാഷയില്‍ തനീഫ എന്ന് പറയുന്ന ഒരു വെള്ളത്തില്‍ ജീവിക്കുന്ന ഒരു സത്വമാണ്. ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഡ്രാഗണ്‍ പോലെ തോന്നി. വ്യാളം എന്നെങ്ങനെയോ മനസ്സില്‍ വന്നു. വ്യാളി തന്നെയാവും. കറക്റ്റ് ചെയ്യാംട്ടോ. ഞാന്‍ ഈയിടെയായി ചില മലയാളം വാക്കുകള്‍ മറന്നു പോവുന്നുണ്ടോ എന്നൊരു സംശയം. വായന കുറഞ്ഞത്‌ കൊണ്ടാവും.

    ReplyDelete
  10. ഒത്തിരി നന്ദി മുല്ല. സപതസ്വരങ്ങള്‍ സന്ദര്‍ശിച്ചതിനും അഭിപ്രായത്തിനും. വീണ്ടും വരണം ട്ടോ.

    ReplyDelete
  11. faisu madeena,

    ഒത്തിരി നന്ദി :)

    Joy Palakkal ജോയ്‌ പാലക്കല്‍
    സപ്തസ്വര്ങ്ങളിലേക്ക് സ്വാഗതം. ആശംസകള്‍ക്ക് നന്ദി. :)

    ReplyDelete
  12. കൊതി തീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ ??

    ReplyDelete