Saturday, March 6, 2010

പാചക പരീക്ഷണങ്ങള്‍

 എന്‍റെ ചില പാചക പരീക്ഷണങ്ങള്‍/അബദ്ധങ്ങള്‍ ...


 ആദ്യമായി ഒരു മുട്ട പുഴുങ്ങാന്‍ ശ്രമിച്ചപ്പോള്‍ അത് ഇങ്ങനെ ഒരു വിചിത്ര രൂപത്തിലായി പോയി .....ഇപ്പോള്‍ പക്ഷേ ഞാന്‍ എക്സ്പര്‍ട്ട് ആയിട്ടുണ്ട്‌ കേട്ടോ..
DSC01753-1കുറച്ചു നാള്‍ എല്ലാ ദിവസവും ഞങ്ങളുടെ ബ്രേക്ഫാസ്റ്റ് ഇതായിരുന്നു. സിമ്പിള്‍ ആന്‍ഡ്‌ ഹമ്പിള്‍ ഉപ്പുമാവ് .DSC01652(1) edited-1

 ഇപ്പോള്‍ മുട്ടക്കറിയുടെ രൂപം  കണ്ടോ?  പുരോഗതിയില്ലേ?


  DSC01756-1 ചെമ്മീന്‍ കറി കണ്ടോ? 
DSC01769-1 ഇത് കണ്ടോ ചിക്കന്‍....ആദ്യമായി ചിക്കന്‍ എന്‍റെ കിച്ചണില്‍ എത്തിയപ്പോള്‍ ..DSC02476-1 ഇത് ഇന്‍റര്‍നെറ്റില്‍ എവിടെയോ കണ്ട ഒരു വിചിത്ര മുട്ടക്കറി ട്രൈ ചെയ്തു നോക്കിയതാ.  താഴെയുള്ള രണ്ടു ചിത്രങ്ങളും അതാണ് കേട്ടോ.  എന്‍റെ അമ്മ ഈ ചിത്രങ്ങള്‍  കണ്ടു ഒത്തിരി ചിരിച്ചതാണ്. എന്‍റെ നമ്പര്‍ വണ്‍ അബദ്ധം എന്നാണ് അമ്മ  പറഞ്ഞത്.DSC03314-1 DSC03316-1ഇത് കണ്ടോ ഞാന്‍ ഉണ്ടാക്കിയ ഓണസദ്യ. വാഴയില ഇല്ല. എന്നാലും ഓക്കേ അല്ലേ? :) DSC05048-1 ഉപ്പേരി ഉപ്പേരി .........ഇത് മാത്രം എനിക്ക് കൃത്യമായി അമ്മയുണ്ടാക്കുന്ന അതെ രുചിയില്‍ ഉണ്ടാക്കാന്‍ പറ്റാറുണ്ട് ... ബാക്കിയെല്ലാം ഓരോ പ്രാവശ്യവും ഓരോ രുചിയില്‍ ഓരോ രൂപത്തില്‍ ഓരോ ഭാവത്തില്‍ ഒക്കെയാDSC05240-1 എന്‍റെ ആദ്യത്തെ കേക്ക് ...സത്യം പറയട്ടെ വലിയ കുഴപ്പമില്ലായിരുന്നു .. :)DSC06125-1 ഇത് കണ്ടോ പൈന്‍ ആപ്പിള്‍ അപ്പ്‌ സൈഡ് ഡൌണ്‍. ഹി ഹി ..ഒരു നാള്‍ ഞാനും അമ്മയെ പോലെ.... .......DSC06176-1   സാല്‍മണ്‍ ...എങ്ങനെയുണ്ട്? നന്നായിട്ടില്ലേ?  DSC08250-1 ഇതാണ് ക്ലാസ്സിക്‌ പുഡിംഗ്...വെറും 10  മിനിട്ടുകള്‍ കൊണ്ട് ഉണ്ടാക്കിയതാ.  ഇത്തവണത്തെ ക്രിസ്മസ് സ്പെഷ്യല്‍.... ജൂലി ആന്‍ഡ്‌ ജൂലിയ കണ്ടു കഴിഞ്ഞപ്പോള്‍ ഉണ്ടായ ഒരു ഇന്‍സ്പിരേഷന്‍...  ഇതിന്റെ മുകളില്‍ മില്‍ക്ക്മെയ്ഡ് ഇട്ടു കഴിച്ചപ്പോള്‍ നല്ല രസമുണ്ടായിരുന്നു. ഹി ഹി. റെസിപ്പി ഉണ്ടാക്കിയ ആള്‍ അങ്ങനെ ഒരു കോമ്പിനേഷന്‍ സ്വപ്നത്തില്‍ പോലും ഓര്‍ത്തിട്ടുണ്ടാവില്ല...ഇപ്പോള്‍ നിങ്ങള്ക്ക് എന്‍റെ പാചക പരീക്ഷണങ്ങളുടെ  ഭീകരതയെ കുറച്ചു ഏകദേശം ഒരു ഐഡിയ കിട്ടിയിട്ടുണ്ടാവുമല്ലോ.  DSC08460-1 ഇത് എന്‍റെ സ്പെഷ്യല്‍ പായസം.  . ഞാന്‍ ഉണ്ടാക്കിയത് കൊണ്ട് പറയുന്നതല്ല ശരിക്കും സ്പെഷ്യല്‍ ആണ് കേട്ടോ.  ഇത് ഇത് വരെ കഴിച്ച എല്ലാര്ക്കും ഇഷ്ടമായി. :)DSC09098-1 ഇത് എന്‍റെ വട്ടയപ്പം ആവശ്യമായ പത്രങ്ങളുടെ അപര്യാപ്തത കാരണം ഇഡ്ഡലി ആയപ്പോള്‍.  കണ്ണന്റെ പിറന്നാള്‍ സ്പെഷ്യല്‍ ആയിരുന്നു ഇത്. DSC09193-1

എന്‍റെ എല്ലാ അബദ്ധങ്ങളും ഒരു വിജയമായി തീരുന്നതു കണ്ണന്‍ ഇതൊക്കെ കഴിച്ചു സഹായിക്കുന്നത് കൊണ്ടാണ്.  കണ്ണന്‍ എന്ന Taster -ന്റെ വിദഗ്ധമായ സത്യസന്ധമായ അഭിപ്രായങ്ങള്‍ ആണ് എന്‍റെ വിജയത്തിന്റെ  രഹസ്യം.  അതുകൊണ്ട് ഈ ഫുഡ്‌ സ്പെഷ്യല്‍ ബ്ലോഗ്‌ എന്‍റെ കണ്ണന് സ്പെഷ്യല്‍ സമ്മാനം.

Wednesday, March 3, 2010

എന്തൊക്കെയോ ചില കുത്തികുറിപ്പുകള്‍

പണ്ട് ഓസോണ്‍പാളിയെ കുറിച്ച് ഒരു ഉപന്യാസ മത്സരത്തിനു പോയപ്പോള്‍ ആണോ ആഗോള താപ വ്യാപനം എന്‍റെ തലയ്ക്കു പിടിച്ചത് എന്ന് കൃത്യമായി ഓര്‍മയില്ല. എന്തായാലും ഇതൊക്കെ എന്‍റെ സ്വന്തം വിഷയങ്ങള്‍ ആണെന്ന് കരുതി ,  മനസ്സിനോട് വളരെയടുത്ത് സൂക്ഷിച്ചിരുന്നതാണ്. പണ്ട് വൈകുന്നേരം അമ്പലത്തിലേക്കുള്ള യാത്രകളില്‍ മാളുവിന്റെയും ചിന്ച്ചുവിന്റെയും ജിഷ്ണുവിന്റെയുമൊക്കെ മുന്നില്‍ എനിക്ക് അറിയാത്തതായി ഒന്നുമില്ല എന്ന് കാണിക്കാന്‍ വേണ്ടി ഞാന്‍ നടത്തിയിരുന്ന പ്രഭാഷണങ്ങളില്‍ ഇതൊക്കെ ചില വിഷയങ്ങളായിരുന്നു.  സി വി രാമനെയും ഐന്‍സ്ടീനെയും ഒക്കെ ആരാധിച്ചിരുന്ന ആ കാലത്ത് ഞാനും അവരുടെ പാതകളില്‍ സഞ്ചരിക്കും ഒരു കാലത്ത് എന്ന് എന്നെ തന്നെ വിശ്വസിപ്പിക്കാന്‍ ഇതൊക്കെ ആയിരുന്നു വഴികള്‍. :) ലതചേച്ചിയും ശ്രീജചേച്ചിയുമൊക്കെ ഞങ്ങളോടൊപ്പം കൂടിയപ്പോള്‍ ഷെയ്ക്ക്സ്പിയറും ലിയോ  ടോള്‍സ്ടോയിയും  മറ്റു വിശ്വ വിഖ്യാത സാഹിത്യ കൃതികളും കുട്ടി കഥകളായി ഒക്കെ ഞങ്ങള്‍ക്കിടയിലേക്ക് കടന്നു വന്നു.സയന്‍സും ടെക്നോളജിയുമൊക്കെ വളരെ വളരെ പ്രിയപ്പെട്ടതായിരുന്നു ഒരു കാലത്ത്. പിന്നെ എപ്പോഴോ  ഇഷ്ടങ്ങള്‍ മാറി. ഇല്ലാതായി എന്ന് പറയാന്‍ പറ്റില്ല, മനസ്സിന്റെ ഏതോ ഒരു കോണില്‍ ഇപ്പോഴും നക്ഷത്ര സമൂഹങ്ങളും വാല്‍ നക്ഷത്രങ്ങളുമൊക്കെ പറന്നു പറന്നു നടക്കുന്നുണ്ട്. പക്ഷേ പണ്ട് ഉണ്ടായിരുന്ന അത്രയും അടുപ്പം ഉണ്ടോ എന്ന് സംശയമാണ്. പണ്ട്  ജുപിറ്ററിനെയും ഓറിയോനിനെയുമൊക്കെ എന്‍റെ കസിന്‍സിനെക്കാള്‍ കൂടുതല്‍ ഇഷ്ടമായിരുന്നു.
സയന്റിസ്റ്റ് ആവും ഞാന്‍ ഒരിക്കല്‍ എന്ന് ഏതോ ഒരു ക്ലാസ്സില്‍ ടീച്ചര്‍ ചോദിച്ചപ്പോഴും ഞാന്‍ പറഞ്ഞിരുന്നു. പിന്നെയെപ്പോഴേ ജേര്‍ണലിസ്റ്റ് , ഐ പി എസ് മോഹങ്ങളൊക്കെ തല പോക്കിയെങ്കിലും ഈ വഴിക്കൊന്നും പോകാതെ അവസാനം ഞാന്‍ എത്തിപ്പെട്ടത് വിവര സാങ്കേതിക വിദ്യയുടെ മായ ലോകത്താണ്. അതിനിടയ്ക്കെപ്പോഴോ വിമാനം പറത്താനുള്ള ആഗ്രഹവും ഉണ്ടായിരുന്നു കുറച്ചു കാലം. 2012 കണ്ടപ്പോള്‍ ഈ ആഗ്രഹത്തിനെയൊന്നു പൊടി തട്ടിയെടുക്കണോ എന്ന് ഞാന്‍ കുറച്ചു ആലോചിച്ചതാണ്.

ആഗോള താപ വ്യപനത്തിനെ കുറിച്ച് ചിന്തിച്ചു ചിന്തിച്ചു കാടു കയറി വേറെ എവിടെയൊക്കെയോ പോയി. ആഗോള താപവ്യാപനം ഒരു തട്ടിപ്പാണെന്ന് കുറച്ചു പേര്‍ വാദിക്കുമ്പോള്‍ സിഡ്നി ഷെല്‍ഡന്റെയാണെന്ന് തോന്നുന്നു, ഒരു ഫിക്ഷനില്‍ വായിച്ചതു പോലെ ഒരു കാലാവസ്ഥ നിയന്ത്രണ യന്ത്രം വച്ച് ആരും ഇതൊന്നും മാറ്റുന്നതല്ല എന്ന് വിശ്വസിക്കട്ടെ. ഓസോണ്‍ പാളിക്ക് വേണ്ടി വാദിച്ചു ഉപന്യാസം എഴുതിയപ്പോള്‍ അതിന്റെ ഭീകരതകള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരുന്ന ഈ സ്ഥലത്ത് വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ഓസോണ്‍ പാളി തീരെ ഇല്ലാതായ ഒരു സ്ഥലത്താണ് ഞാന്‍ ഇപ്പോള്‍. ഇങ്ങനെയൊക്കെയാണ് സീക്രട്ടില്‍ പറയുന്ന രഹസ്യം പ്രവര്‍ത്തിക്കുന്നതെന്ന് തോന്നുന്നു. നമ്മുടെ ഉള്ളിലെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒക്കെ സത്യമായി വരുന്ന മായാജാലം.

ലോസ്റ്റ്‌ സിമ്പല്‍ വായിച്ചു കഴിഞ്ഞപ്പോള്‍ പുതിയതായി ചിന്തിക്കാന്‍ ഒരു വിഷയം കിട്ടി, സത്യം പറഞ്ഞാല്‍ പുതിയ വിഷയമല്ല. പക്ഷേ വളരെ വളരെ പഴയ ഒരു വിഷയത്തിനു പുതിയൊരു പേര്. നോയെടിക് സയന്‍സ്. മനുഷ്യ മനസ്സിന്റെ അവിശ്വസനീയമായ കഴിവുകളെ കുറിച്ച് ശാസ്ത്രീയമായി പഠിക്കുന്ന മേഖല. പണ്ടത്തെ നമ്മുടെ മഹര്‍ഷി വര്യന്മാരോക്കെ ഇതിന്റെ വക്ത്താക്കള്‍ ആയിരുന്നു എന്ന് വേണം എന്ന് കരുതാന്‍. ആത്മാവ് നില നില്‍ക്കുന്നു അത് അനശ്വരമാണ് എന്ന് തെളിയിക്കാനായി നടന്ന ഒരു പരീക്ഷണത്തെ കുറിച്ചും ഡാന്‍ ബ്രൌണ്‍ പറയുന്നുണ്ട്. എന്തായാലും ബുക്ക് ഞാന്‍ എന്ജോയ്‌ ചെയ്തു. പക്ഷേ എന്തായാലും ഡാവിഞ്ചി കോഡിന്റെ അത്രയും എത്തിയിട്ടില്ല. ആ ബുക്ക്‌ ഞാന്‍ ഒന്നര ദിവസം കൊണ്ട് വായിച്ചു തീര്‍ത്തു. പക്ഷേ ഇതിനു ഞാന്‍ അഞ്ചു ദിവസമെടുത്തു. ഡാവിഞ്ചി കോഡ് പോലെയൊരു ബുക്ക്‌ ഒരിക്കല്‍ മാത്രമേ ഒരാളുടെ ജീവിതത്തില്‍ എഴുതാന്‍ പറ്റൂ എന്ന് തോന്നുന്നു. ഡാവിഞ്ചി കോഡ് വായിച്ചു കഴിഞ്ഞപ്പോള്‍ചരിത്രം ഞാന്‍ വേണ്ട വിധത്തില്‍ പഠിച്ചില്ല എന്നുള്ള വിഷമമായിരുന്നു കുറച്ചുകാലം.

ഈ ബ്ലോഗ്‌ എല്ലാംകൂടെ ഒരു അവിയല്‍ പോലെ ആയിപ്പോയി. പ്രത്യേകിച്ചൊരു വിഷയത്തെ കുറിച്ചു ചിന്തിക്കാതെ വിരല്‍ത്തുമ്പുകളില്‍  വന്ന വാക്കുകള്‍ ഒക്കെ ടൈപ്പ് ചെയ്തു ഇങ്ങനെ ആയിപ്പോയി.  ഇത്രയും ടൈപ്പ് ചെയ്ത സ്ഥിതിക്ക് എന്തായാലും പോസ്റ്റ്‌ ചെയ്തേക്കാം.

Thursday, February 18, 2010

ഷോപ്പിങ്ങിനു പോയ എന്‍റെ തലയില്‍ ....................

വൈകുന്നേരം ഓഫീസില്‍ നിന്നു വന്നപ്പോഴാണ്  പതിവില്ലാതെ എന്‍റെ ഫേവറിറ്റ് റീട്ടെയില്‍ ഷോപ്പ് തുറന്നിരിക്കുന്നത് കണ്ടത്. സാധാരണ 5 മണിയ്ക്ക് അടക്കുന്ന കടയാണ്. തുറന്നിരിക്കുന്നത് കണ്ടപ്പോള്‍  ഒന്നു കയറി നോക്കാം എന്ന് വിചാരിച്ചു. അത് മാത്രമല്ല ഗുരുവായൂര്‍ അമ്പലത്തിനെക്കാള്‍ തിരക്കും. സീസണ്‍ എന്ടിംഗ് സെയില്‍ ആയിരുന്നു.  കുറച്ചു നേരം ഉള്ളില്‍ നടന്നു കുറച്ചു കുട്ടി കുട്ടി സാധനങ്ങളും മേടിച്ചു പുറത്തേക്കു നടന്നപ്പോഴാണ് അത് സംഭവിച്ചത്. കട അടയ്ക്കാന്‍ സമയമായിട്ടുണ്ടായിരുന്നു. അത് കൊണ്ട് തന്നെ പെട്ടെന്ന് പുറത്തേക്കു കടക്കാം എന്ന് വിചാരിച്ചു. ഏതോ ഒരാള്‍ ഒരു വാതിലിനടുത്ത് നിന്നു ഒരു നീണ്ടകോല്‍ കൊണ്ട് എന്തോ ചെയ്യുന്നുണ്ട്. അത് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണെന്ന് തോന്നിയില്ല. ഡോറിനു തൊട്ടടുത്ത്‌ എത്തിയപ്പോഴാണ് എന്തോ ഒന്നു സംഭവിച്ചത്. ഒരു മിനിട്ട് കഴിഞ്ഞാണ് എനിക്ക് മനസ്സിലായത് അവിടത്തെ ആ വലിയ ഇരുമ്പ് ഷട്ടര്‍ എന്‍റെ തലയിലേക്ക് വീണു എന്ന്.

ഡോര്‍ അടയ്ക്കാന്‍ നിന്ന മനുഷ്യന്‍ എന്നെ കണ്ടില്ല. എനിക്കാണെങ്കില്‍ നീണ്ട കോല്‍ കൊണ്ട് ഡോര്‍ അടയ്ക്കുകയാണെന്ന് മനസ്സിലായതും ഇല്ല. ഞാന്‍ ആദ്യം വളരെ കൂളായി നിന്നു. 2 മിനിട്ട് കഴിഞ്ഞു ആ കനത്ത ഇരുമ്പ് ഷട്ടര്‍ കണ്ടപ്പോഴാണ് ശരിക്കും ഷോക്ക്‌ അടിച്ചത്. തല ആകെ മരവിച്ചത്‌ പോലെ. പക്ഷേ എന്‍റെ ബോധം പോയിട്ടില്ല. അത് തന്നെ വലിയ കാര്യം. അത് മാത്രമല്ല അത്ഭുതകരമായ കാര്യം എന്‍റെ തല പൊട്ടിയിട്ടില്ല. പക്ഷേ ആ ഇരുമ്പ് ഷട്ടര്‍ കണ്ടാല്‍, അത് എന്‍റെ തലയില്‍ വീണു എന്ന് പറഞ്ഞാല്‍ തീര്‍ച്ചയായും ..എനിക്ക് ഒന്നും സംഭവിച്ചില്ല എന്ന് ആരും വിശ്വസിക്കില്ല. എന്‍റെ നെറ്റിയില്‍ കുറച്ചു പോറലുകള്‍ ഉണ്ടായി. തല ഇത്തിരി നന്നായി വേദനിക്കുന്നുണ്ട്‌. പക്ഷേ എനിക്ക് സാരമായി ഒന്നും പറ്റിയിട്ടില്ല. അത് കഴിഞ്ഞു പോയി ഡോക്ടറെ കണ്ടു ഒന്നും പറ്റിയിട്ടില്ല എന്നുറപ്പ് വരുത്തി.

ഒരു വല്യ അപകടത്തില്‍ നിന്നും ഞാന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ശരിക്കും ദൈവം കൂടെയുണ്ടായിരുന്നു എന്ന് തോന്നിയ നിമിഷം.
 " എന്‍റെ കൂടെയുണ്ടാവണേ കൃഷ്ണാ" എന്ന എന്‍റെ പ്രാര്‍ത്ഥന ശരിക്കും എന്നെ രക്ഷിച്ചു എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. നൂറു വര്‍ഷത്തെ ചരിത്രമുള്ള ആ കടയില്‍ ഈ നൂറു വര്‍ഷങ്ങള്‍ക്കിടയില്‍ ആരുടെയെങ്കിലും തലയില്‍ ഡോര്‍  ഷട്ടര്‍ വീണിട്ടുണ്ടാവും എന്ന് എനിക്ക് തോന്നുന്നില്ല.
"Somebody is always watching you. Somebody always takes care of you"

അമൂല്യം

അങ്ങനെ 5 മാസക്കാലത്തെ കാത്തിരിപ്പിനു ശേഷം ഇന്നലെ എനിക്ക് ലൈബ്രറിയില്‍ നിന്ന് ഡാന്‍ ബ്രൌണിന്റെ ദി ലോസ്റ്റ്‌ സിംബല്‍ കിട്ടി. ഈ കാത്തിരിപ്പു എന്റെ excitement കുറച്ചു എന്ന് തോന്നുന്നു.
എന്നാലും ഡാന്‍ ബ്രൌണിന്റെ മറ്റു പുസ്തകങ്ങള്‍ പോലെ ഇതും എനിക്ക് ഇഷ്ടമാവും എന്ന് തന്നെയാണ് പ്രതീക്ഷ.

കണ്ണനു പരീക്ഷ ആയിരുന്നു ഇന്നലെ. പ്രതീക്ഷിച്ച പോലെ നന്നായി എഴുതാന്‍ പറ്റിയില്ല എന്നുള്ള വിഷമം മാറ്റാന്‍ ഒന്ന് നടക്കാന്‍ ഇറങ്ങിയതായിരുന്നു ഞങ്ങള്‍.  ലൈബ്രറിയില്‍ പോയി ലോസ്റ്റ്‌ സിംബലും എടുത്തു നടന്നു നടന്നു അവസാനം എത്തിയത് സിനിമ തിയേറ്ററില്‍ ആയിരുന്നു. 2 options ഉണ്ടായിരുന്നു. പ്രെഷ്യസും മൈ നെയിം ഈസ്‌ ഖാനും. കുറെ നേരത്തെ തിങ്കിംഗ് -നു ശേഷം പ്രെഷ്യസ് കാണാന്‍ തീരുമാനിച്ചു. മൈ നെയിം ഈസ്‌ ഖാനും കാണണം എന്നുണ്ടായിരുന്നു. അതെന്തായാലും വേറൊരു ദിവസം നോക്കാം എന്ന് വിചാരിച്ചു. പക്ഷെ ഇപ്പൊ എനിക്ക് തോന്നുന്നു പ്രെഷ്യസ് വേണ്ടായിരുന്നു. കണ്ടിട്ട് ആകെ വിഷമമായി. അവിശ്വസനീയം .  ഇത്രയും bad life ഒക്കെ അനുഭവിച്ചു കുറച്ചുപേര്‍ ജീവികുന്നുണ്ട് എന്ന് വിശ്വസിക്കാന്‍ തന്നെ പ്രയാസം.

അമേരിക്കയിലെ ആഫ്രോ അമേരിക്കന്‍സിനെ കാണുമ്പോള്‍ വളരെ സന്തോഷത്തോടെ ജീവിതം ആസ്വദിച്ചു ജീവിക്കുന്നവര്‍ എന്നാണ് എനിക്ക് എപ്പോഴും തോന്നിയിട്ടുളത്. കുറച്ചു നല്ല കൂട്ടുകാരെയും കിട്ടിയിട്ടുണ്ട് ആ കമ്മ്യൂനിടിയില്‍ നിന്നും. വളരെ നല്ല മനുഷ്യര്‍. പക്ഷേ കുറച്ചു പ്രശ്നങ്ങള്‍ ഒക്കെ ഉണ്ടെന്നും കേട്ടിട്ടുണ്ട്.  അമ്മ മാത്രമുള്ള കുട്ടികള്‍. അച്ഛന്‍ ആരാ എന്ന് അറിയാത്തവര്‍. അച്ഛന്‍ ഉള്ള വീടുകള്‍ വളരെ കുറവാണെന്ന് കേട്ടിട്ടുണ്ട്. ഞാനീ പറയുന്നത് ഒരു പ്രത്യേക പ്രദേശത്ത് ജീവിക്കുന്ന ആഫ്രോ അമേരികന്‍ കുടുംബങ്ങളെ കുറിച്ചാണ് കേട്ടോ. പക്ഷേ ശരിക്കും പ്രഷ്യസ് മൂവി പറയുന്നത് പോലെ ഇത്രയും ഭീകരവും ദയനീയവും ആണ് അവരുടെ അവസ്ഥ എന്ന് ഞാന്‍ ഒരിക്കലും ചിന്തിച്ചിട്ട് പോലുമില്ല. മൂവിയില്‍ drugs പ്രശ്നങ്ങള്‍ പറയുന്നില്ല. പക്ഷേ അതാണ് അവിടത്തെ മറ്റൊരു വലിയ പ്രശ്നം എന്നാണ് കേട്ടിട്ടുള്ളത്. എന്തായാലും സിനിമയിലെ പെണ്‍കുട്ടിയുടെ അവസ്ഥ ആര്‍ക്കും ഉണ്ടാകാതിരിക്കട്ടെ എന്ന് ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.

സിനിമയ്ക്ക് മുന്‍പ് കുറച്ചു സമയം ഉണ്ടായിരുന്നു. കുറച്ചല്ല ഏകദേശം ഒരു മണിക്കൂര്‍. ഇറ്റാലിയന്‍ ഫുഡ്‌ കോര്‍ട്ടിലെ പിസയും ഐസ് ക്രീമും കഴിച്ചു. കുറേ നാളായി ഞങ്ങള്‍ ഒരു ഹെല്‍ത്തി ഈടിംഗ് മോഡില്‍ ആയിരുന്നു. പക്ഷെ ജങ്ക് കഴിക്കുന്ന ഒരു സുഖം ...പ്രത്യേകിച്ചും എന്തെങ്കിലും കുഞ്ഞു വിഷമമൊക്കെ ഉണ്ടെങ്കില്‍ ഇത്തിരി മൂഡ്‌ ഓഫ് ആണെങ്കില്‍ ..surprisingly എനിക്ക് തോന്നിയിട്ടുണ്ട് ജങ്ക് ഫുഡ്‌ നമുക്കു കുറച്ചു സന്തോഷം ഉണ്ടാക്കി തരുമെന്ന്. ഹി ഹി. സത്യമായിട്ടും ഇതു ഞാന്‍  ജങ്ക് കഴിക്കാന്‍ കണ്ടു പിടിച്ച ഒരു excuse അല്ല കേട്ടോ.
ലോസ്റ്റ്‌ സിമ്പല്‍ ഞാന്‍ വായിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്താന്നറിയില്ല ഡാവിഞ്ചി കോഡ് വായിച്ച ഒരു excitement ഇല്ല. ഡാവിഞ്ചി കോഡ് ഒന്നര ദിവസം കൊണ്ട് ഞാന്‍ വായിച്ചു തീര്‍ത്തിരുന്നു. ഇത് അത്രയും ഫാസ്റ്റ് ആയി ചെയ്യും എന്ന് തോന്നുന്നില്ല.  ബ്ലോഗ്‌ ഇത്രയും മതി. ഇനി ഞാന്‍ ഉറങ്ങട്ടെ അല്ല ബുക്ക്‌ വായിക്കാന്‍ പോട്ടെ.

Thursday, February 4, 2010

ടെന്‍ഷന്‍ ടെന്‍ഷന്‍!!!!!

എന്താന്നറിയില്ല ഇന്ന് ഒരു ടെന്‍ഷന്‍ ഡേ ആയി പോയി. എനിക്ക് തന്നെ അറിയില്ല എന്താ ഞാന്‍ ഇത്രയും ടെന്‍ഷന്‍ അടിക്കുന്നത് ചിലപ്പോഴൊക്കെ. ചെറിയ ചെറിയ കാര്യങ്ങള്‍ ഒരു ദിവസം ലീവ് എടുക്കുന്നത് പോലും ഒരു ദിവസത്തെ ടെന്‍ഷന്‍ ആവുന്നു. ഞാനെന്നാണ് കുറച്ചു പക്വതയോടെ കാര്യങ്ങള്‍ കാണാന്‍ പഠിക്കുന്നതെന്നു ഒരു നിശ്ചയവുമില്ല..

ഒരു നിശ്ചയവുമില്ല ഒന്നിനും
വരുമോരോ ...ബാക്കി ഓര്മ വരുന്നില്ല. ആ അത് പോട്ടെ. അപ്പോള്‍ പറഞ്ഞു വന്നതെന്താന്നു വച്ചാല്‍

ടെന്‍ഷന്‍ മാറ്റാന്‍ ബ്ലോഗ്‌ എഴുതാനിരുന്നതാ. നോക്കട്ടെ എന്തെകിലും നടക്കുമോ എന്ന്.

വൈകുന്നേരം വീട്ടില്‍ എത്തിയപ്പോള്‍ മുതല്‍ ഞാന്‍ പറയുന്നതാ ടെന്‍ഷന്‍ ടെന്‍ഷന്‍ . പക്ഷേ എന്താ ഈ വലിയ ടെന്‍ഷന്‍ എന്ന് ചോദിച്ചാല്‍ കൃത്യമായി പറയാന്‍ ഒരുത്തരവുമില്ല. ഇന്നത്തെ ദിവസം extremely hectic ആയിരുന്നു. എങ്ങനെയൊക്കെ പ്ലാന്‍ ചെയ്തിട്ടും prioritise ചെയ്തിട്ടും ഞാന്‍ പ്രതീക്ഷിച്ചപോലെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ പറ്റിയില്ല. അടുത്ത ആഴ്ച എനിക്ക് ഒരു ലീവ് വേണം, അതോര്‍ത്തു ഞാന്‍ ഇപ്പോഴേ ടെന്‍ഷന്‍ അടിക്കുന്നു. അടുത്ത ആഴ്ച എനിക്ക് ഒരു പരീക്ഷ എഴുതാന്‍ ഉണ്ട്. അതിനും ടെന്‍ഷന്‍ ഉണ്ടോ ? അറിയില്ല.

ടെന്‍ഷന്‍ ടെന്‍ഷന്‍ സര്‍വത്ര.

രണ്ടു ദിവസം കഴിയുമ്പോള്‍ കണ്ണന്റെ ബര്ത്ഡേ വരുന്നു. ബര്ത്ഡേക്ക് കണ്ണന് ഒരു സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കണം. അതും ഇതുവരെ ഒന്നും പ്ലാന്‍ ചെയ്തിട്ടില്ല എന്നുള്ള ടെന്‍ഷന്‍ ഒരു ഭാഗത്ത്‌.
ഇതിനൊക്കെ ഇത്ര ടെന്‍ഷന്‍ അടിക്കാന്‍ എന്താ എന്നല്ലേ നിങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. സത്യമായിട്ടും ഞാനും അത് തന്നെയാണ് ആലോചിക്കുന്നത്.
പക്ഷേ പക്ഷേ!!!!!!

എനിക്ക് ഡിപ്രഷന്‍ ആണോ? ഏയ്‌ അത്രയും ആയിട്ടില്ല. എന്തായാലും ഇത്രയും എഴുതി വന്നപ്പോള്‍ എനിക്ക് സത്യമായിട്ടും കുറച്ചു സന്തോഷം തോന്നുന്നുണ്ടുട്ടോ.

basically ഇതൊക്കെ എന്‍റെ ബേസിക് സ്വഭാവം ആണെന്നാ തോന്നുന്നത്. ആവശ്യത്തിനും അനാവശ്യത്തിനും അനാവശ്യമായി ടെന്‍ഷന്‍ അടിക്കുക എന്നത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ടെന്‍ഷന്‍ അടിക്കാന്‍ പറ്റിയ ടോപ്പിക്ക് ഒന്നും കിട്ടിയില്ലെങ്കില്‍ അയല്‍ക്കാരുടെ ടെന്‍ഷന്‍ കുറച്ചു കടം മേടിക്കും എന്നാണ് എന്നെ കുറിച്ച് എന്‍റെ അമ്മ പറയാറുള്ളത്. എന്‍റെ ഹോസ്റ്റലില്‍ ഉണ്ടായിരുന്ന സംസ്കൃതം പ്രൊഫസര്‍ എന്‍റെ കൈ നോക്കി പറഞ്ഞത് അത് തന്നെയാണ്. എന്ന് വച്ചാല്‍ മൊത്തമായും ചില്ലറയായും ടെന്‍ഷന്‍ അടിക്കുക എന്ന സംഗതിയില്‍ ഞാന്‍ പേറ്റന്റ് എടുത്തിട്ടുണ്ടെന്ന് സാരം.

പണ്ടൊരിക്കല്‍ ബയോളജി ടീച്ചര്‍ ക്ലാസ്സില്‍ പറഞ്ഞതോര്‍ക്കുന്നു, ടെന്‍ഷന്‍ അല്ലെങ്കില്‍ സ്‌ട്രെസ് വരുമ്പോള്‍ രക്തത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ് കൂടുതലാണെന്നും അതുകൊണ്ടാണ് deep breathing ചെയ്യണം എന്ന് പറയുന്നതെന്നും. രക്തത്തിലെ ഓക്സിജന്‍ കൂടുമ്പോള്‍ you will feel better .

now I feel much much better.


ഇത്രയും ബോറിംഗ് ആയി ഒരു ടെന്‍ഷന്‍ സ്റ്റോറി പറഞ്ഞു നിങ്ങളെ ടെന്‍ഷന്‍ അടിപ്പിച്ചതിനു എന്നോട് ഈ പ്രാവശ്യം എല്ലാരും ക്ഷമിക്കണം. ഇത്രയും ബോറിംഗ് അല്ലാതെ അടുത്ത പോസ്റ്റ്‌ എഴുതാന്‍ ഞാന്‍ തീര്‍ച്ചയായും ശ്രമിക്കാം.

അപ്പോള്‍ വീണ്ടും കാണും വരെ.

സസ്നേഹം.
ദിയ.

Tuesday, January 12, 2010

അവധിക്കാല വിശേഷങ്ങള്‍

കുറെ നാളായി ബ്ലോഗണം ബ്ലോഗണം എന്നൊക്കെ വിചാരിച്ചു വന്നിട്ട് മറ്റുള്ളവരുടെ പോസ്റ്റുകള്‍ വായിച്ചു പോകുകയാണ് പതിവ്. പണ്ട് ഞാന്‍ വായിക്കാത്ത ബാലരമകളെ കുറിച്ചോര്‍ത്തു വിഷമിച്ചത് പോലെ ഇപ്പോള്‍ ഞാന്‍ കാണാത്ത ബ്ലോഗുകള്‍ എന്നായിട്ടുണ്ട്. എന്തോരം കിടിലന്‍ തകര്‍പ്പന്‍ പോസ്റ്റുകളാണ് എന്‍റെ കര്‍ത്താവെ ഞാന്‍ ഇനിയും വായിക്കാതെ ഉള്ളത്!!!! :)

ഇപ്പോള്‍ വന്നു വന്നു ജീവിതത്തിലെ ഏറ്റവും വലിയ entertainment ബ്ലോഗുകള്‍ ആയിട്ടുണ്ട്‌.ഇവിടെ ഇല്ലാത്തതായി ഒന്നും ഇല്ല എന്ന് മഹാഭാരതം പോലെ അതിവിശാലമായി ഇങ്ങനെ കിടക്കുകയല്ലേ ബ്ലോഗ്‌ സമുദ്രം.
കുഞ്ഞു കുഞ്ഞു സംഭവങ്ങളൊക്കെ എത്ര മനോഹരമായി വിവരിച്ചിരിക്കുന്നു ചില പോസ്റ്റുകളില്‍.
അതൊക്കെ പോട്ടെ. എന്തെങ്കിലും എഴുതണം എന്നൊക്കെ അതി ഭയങ്കരമായ ആഗ്രഹം ഉണ്ടെങ്കിലും ..എന്താ എഴുതുക...കണ്ടില്ലേ വിഷയ ദാരിദ്ര്യം. അപ്പോഴാ ഈ കുഞ്ഞു കുഞ്ഞു സംഭവങ്ങള്‍ ബ്ലോഗുകളില്‍. എനിക്ക് എഴുതാന്‍ അറിയുകയെയില്ലാന്നാ തോന്നണേ. :(
10 ദിവസം അവധി കിട്ടിയപ്പോള്‍ ഞാന്‍ ആദ്യം പ്ലാന്‍ ചെയ്തിരുന്നു. constructive ആയി use ചെയ്യണം എന്നൊക്കെ.എന്നിട്ട് എന്താ ചെയ്തതെന്ന് ചോദിച്ചാല്‍ കുറെ അധികം ഉറങ്ങി.രണ്ടു ദിവസം ഒരു ട്രിപ്പ്‌-നു പോയി. ശരിക്കും enjoy ചെയ്ത ഒരു ട്രിപ്പ്‌. ദി ബെസ്റ്റ് ട്രിപ്പ്‌ ഇന്‍ മൈ ലൈഫ് എന്നൊക്കെ പറയാം.. :) അതിനെ കുറിച്ച് പിന്നൊരിക്കല്‍ ഞാന്‍ എഴുതാം.
പിന്നെ എന്താ ചെയ്തത് എന്ന് ചോദിച്ചാല്‍ കുറെ സിനിമകള്‍ കണ്ടു. കുറെ ഭക്ഷണം കഴിച്ചു. കുക്കിംഗ്‌ പരീക്ഷണങ്ങള്‍ നടത്തി. കുറെ ബുക്സ് വായിക്കണം എന്നുണ്ടായിരുന്നു. പക്ഷെ tintin asterix അല്ലാതെ വേറെ ഒന്നും നടന്നില്ല. ശശി തരൂരിന്റെ ഗ്രേറ്റ്‌ ഇന്ത്യന്‍ നോവല്‍ ഒക്കെ വായിക്കാന്‍  തുടങ്ങി. പക്ഷെ എന്തോ 50 pages കഴിഞ്ഞപ്പോള്‍ എനിക്ക് ബോറടിച്ചു. ഞാന്‍ അത് ബാക്കി വായിക്കുമോ എന്നത് ഇപ്പോള്‍ ഒരു biiiiggggggg Question  ആണ്. still not bad അല്ലേ? ഞാന്‍ അത്രയ്ക്ക് വേസ്റ്റ് ചെയ്തിട്ടില്ല. കുറെ അധികം ഉറങ്ങി തീര്‍ത്തു എന്നാ വിഷമത്തിലായിരുന്നു ഞാന്‍. പക്ഷെ വേറെയും കുറച്ചു കാര്യങ്ങള്‍ ചെയ്തിട്ടുണ്ടല്ലോ. കുഴപ്പമില്ല.

multi tasking ചെയ്തു കൊണ്ടാണ് ഞാന്‍ ഈ ബ്ലോഗ്‌ ടൈപ്പ് ചെയ്യുന്നത്. ഒരു serious java debugging -ഉം പിന്നില്‍ നടക്കുന്നുണ്ട്. ബ്രെയിന്‍-നു ഒരു ചെറിയ excercise കൊടുക്കാം എന്ന് വിചാരിച്ചു. switching back and forth . നാളെ ഞാന്‍ ഇന്ദ്രാ നൂയിയെ പോലെ ആവുമ്പോള്‍ ഇതൊക്കെ ചെയ്യേണ്ടേ. multi - tasking ഇല്ലാതെ പറ്റില്ലാത്രെ. ഇങ്ങനെയൊക്കെ ഡ്രീം ചെയ്യണം എന്നാണ് ഇപ്പോള്‍ എല്ലാരും പറയുന്നത്. Secret വായിച്ചപ്പോള്‍ തൊട്ടു ഞാനും അങ്ങനെയൊക്കെ ചെയ്യണം എന്ന് വിചാരിക്കുന്നുട്. പക്ഷെ പക്ഷെ അതൊരു നീണ്ട പക്ഷെയാണ്. എന്നാലും നോക്കാം അല്ലെ? ഈയിടെയായി ഇങ്ങനെയുള്ള കുറേ പുസ്തകങ്ങള്‍ ഉണ്ടാവുന്നുണ്ട്. ആര്‍ക്കറിയാം ഇതൊക്കെ ശരിയാണോ ആവോ. ഇന്നലെ ഒരു സിമിലര്‍ ബുക്ക്‌ എഴുതിയ author -ന്റെ ഇന്റര്‍വ്യൂ കണ്ടു. അവര്‍ക്ക് ഇപ്പോള്‍ തോന്നുന്നു ഇതൊക്കെ വിഡ്ഢിത്തം ആണെന്ന്. എന്തായാലും കൊള്ളാം. ബുക്ക്‌ ബെസ്റ്റ് സെല്ലര്‍  ആയിരുന്നു. whatever !!!

ഈ അവധി കാലത്ത് കണ്ട സിനിമകള്‍ എല്ലാം എനിക്ക് ഇഷ്ടമായി. ലിസ്റ്റില്‍ ഒന്നാമതായി അവതാര്‍ 3D . Absolutely Brilliant
ഒത്തിരി ഒത്തിരി ഇഷ്ടമായി. പണ്ട് മുതലേ സയന്‍സ് ഫിക്ഷന്‍സ് എന്‍റെ ഒരു വീക്നെസ് ആയിരുന്നു. പക്ഷെ ഒരു സയന്‍സ് ഫിക്ഷന്‍ ആയിട്ടല്ല ഈ മൂവി ഞാന്‍ എന്ജോയ്‌ ചെയ്തത്. മനോഹരം ഒരു ദ്രിശ്യാനുഭവം. അതും 3D -ല്‍ കാണുമ്പോള്‍ നമ്മള്‍ ഒരു യാത്ര പോയ പ്രതീതി. ഭാവനകള്‍ക്കും അപ്പുറത്ത് മനോഹരമായ ഒരു സ്ഥലത്തേക്ക്.

ഇന്നലെ എന്‍റെ അനിയത്തി ഫോര്‍വേഡ് ചെയ്തു തന്ന ഒരു മെയില്‍ ഉണ്ടായിരുന്നു. ചിലര്‍ക്കൊക്കെ  അവതാര്‍ കണ്ടപ്പോള്‍ വിയറ്റ്നാം കോളനി ഓര്മ വന്നുവത്രേ. ഒരാള്‍ വിയറ്റ്നാം കോളനി-യുമായി ഒരു Comparison ചെയ്തിട്ടുണ്ട്. അതായിരുന്നു ആ മെയില്‍. സത്യമായും ആ ഒരു തിങ്കിംഗ്. അതിനെ appreciate ചെയ്യണോ അതോ സഹതപിക്കണോ എന്നറിയില്ല.ഔട്ട്‌ ഓഫ് ദി ബോക്സ്‌ തിങ്കിംഗ് എന്നൊക്കെ വേണമെങ്കില്‍ പറയാം. പക്ഷേ അഞ്ജനമെന്നാല്‍ മഞ്ഞള് പോലെ വെളുത്തിരിക്കും  എന്ന് പറയുന്നത് പോലെ അല്ലെ ഈ കമ്പാരിസണ്‍ എന്നും എനിക്ക് തോന്നുന്നുണ്ട്. ഈയിടെ എവിടെയോ വായിച്ചിരിന്നു എന്തിനെ കുറിച്ചും നല്ല വാക്ക് പറയാന്‍ മലയാളിയുടെ വൈമുഖ്യം. " കുഴപ്പമില്ല" എന്നാണത്രേ ഏറ്റവും കൂടുതല്‍ നമ്മള്‍ ഉപയോഗിക്കുന്ന ഒരു phrase . എന്തായാലും കണ്ടില്ലായിരുന്നെങ്കില്‍ അതൊരു വലിയ നഷ്ടമാവുമായിരുന്നു എന്നേ എനിക്ക് പറയാനുള്ളൂ ഈ സിനിമയെ കുറിച്ച്.

ലിസ്റ്റില്‍ പിന്നെയുള്ളത് 3 idiots . അതും എനിക്ക് വളരെ ഇഷ്ടമായി. ചേതന്‍ ഭഗത് കൂടുതല്‍ ക്രെടിട്സ് deserve ചെയ്യുന്നു എന്ന് ഒരു ഫ്രണ്ട്-ന്റെ ചിന്ത. അവസാനം എഴുതി കാണിക്കുന്ന ക്രെടിട്സ് ലിസ്റ്റ് ആരും വായിക്കില്ലന്നാണ് പുള്ളിയുടെ അഭിപ്രായം. അതെന്തായാലും ആ ലിസ്റ്റ്-ല്‍ നിന്നു തന്നെയാണ് ഞാന്‍ Five point someone relation അറിഞ്ഞത്. ഇതുവരെ ആ ബുക്ക്‌ വായിക്കാന്‍ പറ്റിയിട്ടില്ല എന്‍റെ കയ്യില്‍ ഒരു കോപ്പി സ്വന്തമായി ഉണ്ടായിരുന്നിട്ടും. വായിക്കണം. :) ഈ സിനിമ ശരിക്കും എന്തൊക്കെയോ ഓര്‍മിപ്പിച്ചു. values of friendship  ഏറ്റവും കൂടുതലായി.പാട്ടുകളും എനിക്ക് ഇഷ്ടമായി. അമീര്‍ഖാന്‍ വല്യ സൈസ് കുപ്പായം ഇട്ടഭിനയിക്കുന്നു എന്നാരോ പറഞ്ഞു. പക്ഷേ എനിക്ക് പ്രായം കൂടിയവര്‍ ക്യാമ്പസ്‌ ലൈഫ് ചെയ്യുന്നതിന്റെ പ്രശ്നങ്ങളും ഒന്നും ഫീല്‍ ചെയ്തില്ല. ആകെ മൊത്തം ടോട്ടല്‍ എന്ജോയ്‌ ചെയ്തു.

പിന്നെ കുറെ പാട്ടുകള്‍ കേട്ടു. സുസന്‍ ബോയില്‍ -ന്റെ പുതിയ ആല്‍ബം ഇഷ്ടമായി. especially Wild horses . കുറേ തവണ കേട്ടു. പിന്നെയും കുറച്ചു സിനിമകള്‍ കണ്ടു. ടിവിയില്‍ വന്നതും ഡി വി ഡി കിട്ടിയതും ഒക്കെയായി. ഏറ്റവും കൂടുതല്‍ കേട്ട പാട്ട് മൈക്കല്‍  ജാക്ക്സണ്‍-ന്റെ  I just can't stop loving you ആയിരിക്കും. I just can't stop love this  song .

ക്രിസ്മസ് ഈവ് ഡിന്നര്‍ ആണ് എടുത്തു പറയത്തക്ക വേറൊരു വിശേഷം. എന്‍റെ പാചക പരീക്ഷണങ്ങള്‍ ഒക്കെ വിജകരമായി പര്യവസാനിച്ച ദിവസം. ചിക്കന്‍ ടിക്ക മസാലയും traditional pudding -ഉം ഒക്കെ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റുകളായി. എന്നിട്ട് മിഡ്‌ നൈറ്റ്‌ മാസ്സ്-നു പോയപ്പോള്‍ തിരക്ക് കാരണം  പള്ളിക്കകത്ത്‌ കേറാന്‍ പറ്റിയില്ല എന്നൊരു വിഷമം മാത്രം.

അപ്പോള്‍ അത്രയോക്കെയാണ് അവധിക്കാല വിശേഷങ്ങള്‍. :)

Sunday, December 6, 2009

ഫയര്‍ ഫയര്‍ !!!!!!

ഞായറാഴ്ച രാവിലെ ഉണര്‍ന്നിട്ടും മടി പിടിച്ചു ഒന്നു കൂടെ പുതപ്പിനടിയിലേക്കു ചുരുണ്ട് കിടന്നുറങ്ങാന്‍ തുടങ്ങിയപ്പോഴാണ് ഒരു ബീപ് ബീപ് ശബ്ദം. സെല്‍ ഫോണിലെ അലാറം ആണെന്ന് വിചാരിച്ചു  ഫോണെടുത്തു ഓഫ്‌ ബട്ടണ്‍ ഒന്നമര്‍ത്തി തിരിഞ്ഞു കിടന്നു ഉറങ്ങാന്‍  തുടങ്ങി. അപ്പോള്‍ ശബ്ദം കൂടുതല്‍ കൂടുതല്‍ ഉച്ചത്തിലാവുന്നു.
ഇത് ഫോണ്‍ അല്ല വേറെ എന്തോ ആണെന്ന് മനസ്സിലായത് അപ്പോഴാണ്. സ്മോക്ക്‌ അലാറം ആണോ? അപ്പാര്ട്ടമെന്റിനുള്ളിലെ സ്മോക്ക്‌ അലാറം ഇടയ്ക്കിടയ്ക്ക് ഒച്ചയുണ്ടാക്കാറുണ്ട് എന്‍റെ പാചക പരീക്ഷണങ്ങളുടെ ഭീകരത അസഹനീയമാവുമ്പോള്‍. അപ്പോള്‍ ഞാന്‍  ജനാലകള്‍ തുറന്നിട്ടാല്‍ അത് സൈലന്റ് ആവും 1-2 മിനിട്ടുകള്‍ക്കുള്ളില്‍. ഇപ്പോള്‍ പക്ഷേ എന്ത് പറ്റി എന്ന് മനസ്സിലാവുന്നില്ല. ജനാലകള്‍ തുറന്നിട്ടാണ് ഉറങ്ങാന്‍ കിടന്നത്. ഞാന്‍ ആണെങ്കില്‍ ബെഡില്‍ നിന്നു എണീറ്റ്‌ പോലുമില്ല എന്‍റെ പാചക പരീക്ഷണങ്ങള്‍ തുടങ്ങാന്‍.

പിന്നെയും കുറച്ചു നേരമെടുത്തു ഞാന്‍ ശരിക്കും ഉണര്‍ന്നു പൂര്‍ണ ബോധത്തില്‍ എത്താന്‍. ഇതെന്റെ സ്മോക്ക്‌ അലാറം അല്ല. പക്ഷേ ഫയര്‍ അലാറം ആണെന്ന് മനസ്സിലായത് അപ്പോഴാണ്. " Evacuate the building " എന്ന റെക്കോര്‍ഡ്‌ ചെയ്ത യാന്ത്രിക ശബ്ദവും അപ്പോള്‍ സ്പീക്കറില്‍ നിന്നു കേള്‍ക്കാന്‍ തുടങ്ങി. ഓഹോ ഇത് ശരിക്കും ഫയര്‍ അലാറം ആണല്ലേ? ഇത് വരെ മോക്ക് ഫയര്‍ ഡ്രില്‍ മാത്രമേ കണ്ടിട്ടുള്ളൂ. രാവിലെ തന്നെ എന്നെ പോലെ മറ്റാരോ  കാര്യമായി പാചക പരീക്ഷണങ്ങള്‍ തുടങ്ങിയതാവും. സ്മോക്ക്‌ അലാറം അടിക്കുമ്പോള്‍ മെയിന്‍ ഡോര്‍ തുറക്കാന്‍ പാടില്ല.എന്നാല്‍ പുക പുറത്തു പോയി അത് അവസാനം ഫയര്‍ അലാറം ആയി മാറുമെന്നു അറിയാത്ത ആര്‍ക്കോ പറ്റിയ അബദ്ധം. എന്തായാലും പണിയായി. ഓടിക്കോ പെട്ടെന്ന് തന്നെ താഴേക്ക്‌. ഞങ്ങള്‍ പെട്ടെന്ന് തന്നെ ഫയര്‍ എക്സിറ്റ് വഴി പടികള്‍ ഇറങ്ങി പുറത്തു എത്തി. ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചു എന്ന പറഞ്ഞ പോലെ മഴയും തുടങ്ങി. അങ്ങനെ മഴയും നനഞ്ഞു ഞങ്ങള്‍ പുറത്ത്.

ഫയര്‍ അലാറം അടിച്ചാല്‍ ഫയര്‍ ഡിപ്പാര്‍ട്ട്മെന്റിന് കാള്‍ സിസ്റ്റം തന്നെ നല്‍കും എന്ന് ആരോ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് അങ്ങനെ ഒരു ടെന്‍ഷന്‍ വേണ്ട. ഓരോരുത്തരായി മന്ദം മന്ദം ഇറങ്ങി വരുകയാണ്. ആദ്യമായിട്ടാണ് മേക്ക് അപ്പ്‌ ഇല്ലാതെ ഇവരെയൊക്കെ കാണുന്നത്. ബാത്ത് റോബിലും സ്ലീപ്‌ വെയറിലും ഒക്കെയാണ് പലരും.

ഫയര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ വാഹനങ്ങള്‍ വന്നു പല പല ദിക്കുകളില്‍ നിന്നും. ആറാമത്തെ നിലയിലാണ് പ്രോബ്ലം എന്നും കണ്ടെത്തി. ഒക്കെ കഴിഞ്ഞപ്പോള്‍ അതാ വരുന്നു കുറച്ചുപേര്‍ ഉള്ളില്‍ നിന്നും. ഒരു സംശയവും വെണ്ട. മലയാളികള്‍ തന്നെ. ചത്ത്‌ കിടന്നാലും ചമഞ്ഞു കിടക്കണം എന്ന പ്രമാണം മറക്കാന്‍ പാടില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട്. ലിപ്സ്ടിക്ക് മസ്കാര ഒന്നും ഇടാന്‍ മറന്നിട്ടില്ല.

എന്താ കഥ. നമ്മള്‍ മലയാളികളുടെ ഒരു കാര്യം... :)