Sunday, December 6, 2009

ഫയര്‍ ഫയര്‍ !!!!!!

ഞായറാഴ്ച രാവിലെ ഉണര്‍ന്നിട്ടും മടി പിടിച്ചു ഒന്നു കൂടെ പുതപ്പിനടിയിലേക്കു ചുരുണ്ട് കിടന്നുറങ്ങാന്‍ തുടങ്ങിയപ്പോഴാണ് ഒരു ബീപ് ബീപ് ശബ്ദം. സെല്‍ ഫോണിലെ അലാറം ആണെന്ന് വിചാരിച്ചു  ഫോണെടുത്തു ഓഫ്‌ ബട്ടണ്‍ ഒന്നമര്‍ത്തി തിരിഞ്ഞു കിടന്നു ഉറങ്ങാന്‍  തുടങ്ങി. അപ്പോള്‍ ശബ്ദം കൂടുതല്‍ കൂടുതല്‍ ഉച്ചത്തിലാവുന്നു.
ഇത് ഫോണ്‍ അല്ല വേറെ എന്തോ ആണെന്ന് മനസ്സിലായത് അപ്പോഴാണ്. സ്മോക്ക്‌ അലാറം ആണോ? അപ്പാര്ട്ടമെന്റിനുള്ളിലെ സ്മോക്ക്‌ അലാറം ഇടയ്ക്കിടയ്ക്ക് ഒച്ചയുണ്ടാക്കാറുണ്ട് എന്‍റെ പാചക പരീക്ഷണങ്ങളുടെ ഭീകരത അസഹനീയമാവുമ്പോള്‍. അപ്പോള്‍ ഞാന്‍  ജനാലകള്‍ തുറന്നിട്ടാല്‍ അത് സൈലന്റ് ആവും 1-2 മിനിട്ടുകള്‍ക്കുള്ളില്‍. ഇപ്പോള്‍ പക്ഷേ എന്ത് പറ്റി എന്ന് മനസ്സിലാവുന്നില്ല. ജനാലകള്‍ തുറന്നിട്ടാണ് ഉറങ്ങാന്‍ കിടന്നത്. ഞാന്‍ ആണെങ്കില്‍ ബെഡില്‍ നിന്നു എണീറ്റ്‌ പോലുമില്ല എന്‍റെ പാചക പരീക്ഷണങ്ങള്‍ തുടങ്ങാന്‍.

പിന്നെയും കുറച്ചു നേരമെടുത്തു ഞാന്‍ ശരിക്കും ഉണര്‍ന്നു പൂര്‍ണ ബോധത്തില്‍ എത്താന്‍. ഇതെന്റെ സ്മോക്ക്‌ അലാറം അല്ല. പക്ഷേ ഫയര്‍ അലാറം ആണെന്ന് മനസ്സിലായത് അപ്പോഴാണ്. " Evacuate the building " എന്ന റെക്കോര്‍ഡ്‌ ചെയ്ത യാന്ത്രിക ശബ്ദവും അപ്പോള്‍ സ്പീക്കറില്‍ നിന്നു കേള്‍ക്കാന്‍ തുടങ്ങി. ഓഹോ ഇത് ശരിക്കും ഫയര്‍ അലാറം ആണല്ലേ? ഇത് വരെ മോക്ക് ഫയര്‍ ഡ്രില്‍ മാത്രമേ കണ്ടിട്ടുള്ളൂ. രാവിലെ തന്നെ എന്നെ പോലെ മറ്റാരോ  കാര്യമായി പാചക പരീക്ഷണങ്ങള്‍ തുടങ്ങിയതാവും. സ്മോക്ക്‌ അലാറം അടിക്കുമ്പോള്‍ മെയിന്‍ ഡോര്‍ തുറക്കാന്‍ പാടില്ല.എന്നാല്‍ പുക പുറത്തു പോയി അത് അവസാനം ഫയര്‍ അലാറം ആയി മാറുമെന്നു അറിയാത്ത ആര്‍ക്കോ പറ്റിയ അബദ്ധം. എന്തായാലും പണിയായി. ഓടിക്കോ പെട്ടെന്ന് തന്നെ താഴേക്ക്‌. ഞങ്ങള്‍ പെട്ടെന്ന് തന്നെ ഫയര്‍ എക്സിറ്റ് വഴി പടികള്‍ ഇറങ്ങി പുറത്തു എത്തി. ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചു എന്ന പറഞ്ഞ പോലെ മഴയും തുടങ്ങി. അങ്ങനെ മഴയും നനഞ്ഞു ഞങ്ങള്‍ പുറത്ത്.

ഫയര്‍ അലാറം അടിച്ചാല്‍ ഫയര്‍ ഡിപ്പാര്‍ട്ട്മെന്റിന് കാള്‍ സിസ്റ്റം തന്നെ നല്‍കും എന്ന് ആരോ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് അങ്ങനെ ഒരു ടെന്‍ഷന്‍ വേണ്ട. ഓരോരുത്തരായി മന്ദം മന്ദം ഇറങ്ങി വരുകയാണ്. ആദ്യമായിട്ടാണ് മേക്ക് അപ്പ്‌ ഇല്ലാതെ ഇവരെയൊക്കെ കാണുന്നത്. ബാത്ത് റോബിലും സ്ലീപ്‌ വെയറിലും ഒക്കെയാണ് പലരും.

ഫയര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ വാഹനങ്ങള്‍ വന്നു പല പല ദിക്കുകളില്‍ നിന്നും. ആറാമത്തെ നിലയിലാണ് പ്രോബ്ലം എന്നും കണ്ടെത്തി. ഒക്കെ കഴിഞ്ഞപ്പോള്‍ അതാ വരുന്നു കുറച്ചുപേര്‍ ഉള്ളില്‍ നിന്നും. ഒരു സംശയവും വെണ്ട. മലയാളികള്‍ തന്നെ. ചത്ത്‌ കിടന്നാലും ചമഞ്ഞു കിടക്കണം എന്ന പ്രമാണം മറക്കാന്‍ പാടില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട്. ലിപ്സ്ടിക്ക് മസ്കാര ഒന്നും ഇടാന്‍ മറന്നിട്ടില്ല.

എന്താ കഥ. നമ്മള്‍ മലയാളികളുടെ ഒരു കാര്യം... :)

Friday, November 20, 2009

ഒരു റാഗിങ്ങിന്റെ ഓര്‍മ്മയ്ക്ക്‌

കാത്തു കാത്തിരുന്ന് അവസാനം ആ സുദിനം വന്നെത്തി.

ഞാന്‍ ആദ്യമായി സ്കൂളില്‍ പോകുന്ന ദിവസം.
വളരെ ഉത്സാഹത്തോടെ രാവിലെ നേരത്തെ എണീറ്റ് റെഡി ആയി അമ്മയോടൊപ്പം ഞാന്‍ ഒന്പതരക്ക് തന്നെ സ്കൂളില്‍ എത്തി.

ഒത്തിരി കുട്ടികള്‍.അവരുടെയൊക്കെ അച്ഛനോ അമ്മയോ ഉണ്ട് കൂടെ. അമ്മ എന്നെ എന്‍റെ ക്ലാസ്സില്‍ കൊണ്ട് പോയി. ആദ്യം തന്നെ ഞാന്‍ ശ്രദ്ധിച്ച കാര്യം ക്ലാസ്സ്‌ മുറിയിലെ ബെഞ്ചുകളുടെ ക്രമീകരണം ആയിരുന്നു. എന്‍റെ പ്ലേ സ്കൂളില്‍ ഒന്നിന് പിന്നില്‍ ഒന്നായി നിരകളായിട്ടായിരുന്നു ബെഞ്ചുകള്‍. പക്ഷേ ഇവിടെ ഒരു സമചതുരം പോലെ. ബ്ലാക്ക്‌ ബോര്‍ഡില്‍ 1 , 2 , 3 , 4 , 5 എന്നെഴുതിയിട്ടുണ്ട്. അതിനു നേരെ മുയലുകളുടെ ചിത്രവും. 15 മുയലുകള്‍ ബോര്‍ഡില്‍. അത് കണ്ടപ്പോള്‍ എനിക്ക് വലിയ സന്തോഷമായി.

അമ്മയും എന്നോടൊപ്പം അവിടെ നിന്നു. ഞങ്ങള്‍ കുറച്ചു കുട്ടികളെയൊക്കെ  പരിചയപ്പെട്ടു. എന്‍റെ അടുത്തായി ഒരു കുട്ടി ഒറ്റയ്ക്ക് ഇരിക്കുന്നുണ്ടായിരുന്നു. ഞാന്‍ അവളോട്‌ ചോദിച്ചു " എന്താ കുട്ടിയുടെ പേര്? "
" ചേട്ടന്റെ അനിയത്തി"
ഞാന്‍ അമ്മയെ നോക്കി. അമ്മ എന്നെ നോക്കി പുഞ്ചിരിച്ചു. എന്തൊരു വിചിത്ര പേര്. ഞാന്‍ ഓര്‍ത്തു.

അപ്പോള്‍ ഒരു മണിയടിക്കുന്ന ശബ്ദം. അമ്മ പറഞ്ഞു സ്കൂളില്‍ ഇങ്ങനെയാണ്. സ്കൂള്‍ തുടങ്ങുമ്പോഴും തീരുമ്പോഴും മണിയടിക്കും. എനിക്ക് ഒന്നും മനസ്സിലായില്ല. എന്തിനാ ഇങ്ങനെ മണിയടിക്കുന്നത്? അധികം ആലോചിക്കാന്‍ സമയം കിട്ടിയില്ല. അപ്പോള്‍ ഒരു ടീച്ചര്‍ വന്നു ക്ലാസ്സ്‌ മുറിയിലേക്ക്. സ്കൂള്‍ കഴിയുമ്പോള്‍ എന്നെ വിളിക്കാന്‍ വരുമെന്ന് പറഞ്ഞു അമ്മ പുറത്തേക്കു ഇറങ്ങി.
ടീച്ചര്‍ പറഞ്ഞു അസ്സംബ്ലി എന്ന് പറയുന്ന എന്തോ ഒരു സംഭവം എല്ലാ ദിവസവും രാവിലെ ഉണ്ട്. നമ്മള്‍ ഇപ്പോള്‍ അതിനു പോവുകയാണെന്ന്. ഞാന്‍ ആകെ കണ്ഫ്യൂസ്ഡ് ആയി. ഇവിടെ നടക്കുന്നതെല്ലാം എനിക്ക് പുതിയ കാര്യങ്ങള്‍ ആണല്ലോ. ഇത്രയും ഒരുമിച്ചു ദഹിക്കില്ല. എന്തായാലും എല്ലാവരോടും ഒപ്പം ഞാനും നടന്നു അസ്സെംബ്ലി ഗ്രൌണ്ടിലേക്ക്.
അവിടെ എത്തിയപ്പോള്‍ അടുത്ത അത്ഭുതം. സ്ക്കൂളിലെ മുഴുവന്‍ കുട്ടികളും അവിടെ നിരന്നു നില്‍ക്കുകയാണ്. ഞങ്ങളെയും ടീച്ചര്‍ ഒരു വരിയായി നിര്‍ത്തി. അവിടെ കുറച്ചുനേരം നിന്ന് എന്തൊക്കെയോ കേട്ടു. വളരെ കുറച്ചു കാര്യങ്ങളെ എനിക്ക് മനസ്സിലായുള്ളൂ. എന്തായാലും അത് കഴിഞ്ഞു പിന്നെയും ക്ലാസ്സില്‍ എത്തി.

ഞങ്ങളുടെ ക്ലാസ്സ്‌ ടീച്ചറിന്റെ പേര് എസ്സിലി. ടീച്ചര്‍ ബോര്‍ഡിലെ മുയലുകളെ മായ്ച്ചു കളഞ്ഞത് മാത്രമേ എന്‍റെ ഓര്‍മയില്‍ ഉള്ളൂ. ആ ദിവസം ക്ലാസ്സില്‍ എന്താ നടന്നതെന്ന് എത്ര ആലോചിട്ടും എനിക്ക് ഒരു തരിപോലും ഓര്‍മയില്ല. എനിക്ക് കുറച്ചു കൂട്ടുകാരെ കിട്ടി. എന്‍റെ അടുത്തിരുന്ന ദീപയും മഞ്ജുവും നിഷയും.

കുറച്ചു നേരം കഴിഞ്ഞപ്പോള്‍ വീണ്ടും മണിയടിച്ചു. ടീച്ചര്‍ പോയി. എനിക്ക് മനസ്സിലായി, സ്കൂള്‍ തീര്‍ന്നതിന്റെ മണിയാണ് ഇപ്പോള്‍ കേട്ടത്. പക്ഷേ അമ്മയെ കാണുന്നില്ല. പക്ഷേ എനിക്ക് വീട്ടില്‍ പോകാനുള്ള വഴി അറിയാമല്ലോ. അമ്മ വരാന്‍ വേണ്ടി വെയിറ്റ് ചെയ്യേണ്ട ആവശ്യമില്ല. ഞാന്‍ എന്‍റെ ബാഗും വാട്ടര്‍ ബോട്ടിലും കുടയും എടുത്തു. പുറത്തേക്കു നടന്നു. ഇതെന്താ എല്ലാവരും എന്നെ തന്നെ നോക്കുന്നത്. ഏയ് എന്‍റെ തോന്നലായിരിക്കും. പക്ഷേ എന്താ മറ്റുള്ളവരൊന്നും പോകാത്തത്. അവരൊക്കെ അമ്മമാരെ വെയിറ്റ് ചെയ്യുകയായിരിക്കും. വീട്ടില്‍ പോവാനുള്ള വഴി അറിയില്ലായിരിക്കും. ഞാന്‍ മിടുക്കി കുട്ടിയാണല്ലോ. എനിക്ക് മാത്രം വീട്ടില്‍ തന്നെ പോവാന്‍ വഴിയൊക്കെ അറിയാം. എനിക്ക് എന്നെ കുറിച്ച് വളരെ അഭിമാനം തോന്നി. ഞാന്‍ അങ്ങനെ തലയുയര്‍ത്തി നടന്നു.

ഞാന്‍ സ്കൂളിന്റെ ഗേറ്റിനടുത്തു എത്താറായപ്പോഴാണ് അവര്‍ എന്‍റെ അടുത്തേക്ക് വന്നത്. ഒരു കൂട്ടം ചേച്ചിമാര്‍. ഏതോ വലിയ ക്ലാസ്സിലെ കുട്ടികള്‍. അവര്‍ ചോദിച്ചു മോളെവിടെ പോവുകയാ. എനിക്ക് ആ ചോദ്യം ഇഷ്ടമായാതെ ഇല്ല. ഇവര്‍ക്കറിയില്ലേ സ്കൂള്‍ കഴിഞ്ഞാല്‍ എല്ലാവരും വീട്ടില്‍ പോകുമെന്ന്. എന്നാലും പറഞ്ഞു ഞാന്‍ വീട്ടില്‍ പോകുവാ. അപ്പോള്‍ ചോദിക്കുവാ എന്തിനാ ഇപ്പോള്‍ വീട്ടില്‍ പോകുന്നത്. ദേ പിന്നെയും ചോദ്യം. എന്‍റെ ക്ഷമയെ പരീക്ഷിക്കരുത്. ഞാന്‍ പറഞ്ഞു സ്കൂള്‍ കഴിയുമ്പോള്‍ എന്നെ വിളിക്കാന്‍ വരുമെന്നാ അമ്മ പറഞ്ഞത്. പക്ഷേ അമ്മയെ കാണുന്നില്ല.എനിക്ക് തന്നെ പോവാന്‍ അറിയാം. ഞാന്‍ വീട്ടില്‍ പോകുവാ.

അപ്പോള്‍ അവര്‍ പറഞ്ഞു. സ്കൂള്‍ കഴിഞ്ഞിട്ടില്ല. ഇത് ഇന്റര്‍വല്‍  ആണ്. ഇല്ല ഇല്ല എന്നെ പറ്റിക്കാനൊന്നും നോക്കണ്ട. അമ്മ പറഞ്ഞല്ലോ സ്ക്കൂള്‍ കഴിയുമ്പോഴാണ് മണിയടിക്കുന്നതെന്ന്. എനിക്കറിയാം സ്കൂള്‍ കഴിഞ്ഞു. ഞാന്‍ പോകുവാ. അപ്പോഴേക്കും അടുത്ത മണിയടിച്ചു. അവര്‍ എന്നെ പൊക്കിയെടുത്തു എന്‍റെ ക്ലാസ്സ്‌ മുറിയിലേക്ക് കൊണ്ട് പോയി. എന്നെ ബെഞ്ചില്‍ ഇരുത്തി. ക്ലാസ്സിലെ എല്ലാവരും എന്നെ നോക്കി ചിരിക്കുകയായിരുന്നു. അപ്പോള്‍ ക്ലാസ്സിലേക്ക് വന്ന ടീച്ചരിനോടും അവര്‍ കഥ മുഴുവനും പറഞ്ഞു. ഞാന്‍ ഓര്‍ക്കുകയായിരുന്നു അമ്മക്ക് അറിയില്ലാത്ത എന്തൊക്കെ കാര്യങ്ങളാ. അമ്മയുടെ സ്കൂളില്‍ ഇന്റെര്‍വല്‍ ഇല്ലായിരുന്നോ ആവോ. വീട്ടില്‍ പോകുമ്പോള്‍ ചോദിക്കണം. പക്ഷേ എന്നാലും അവരെന്നെ പൊക്കിയെടുത്തത് എനിക്ക് തീരെ ഇഷ്ടമായില്ല.
അങ്ങനെ ഒരു പീരീഡ്‌ കൂടെ കഴിഞ്ഞു. അപ്പോള്‍ അവര്‍ പിന്നെയും വന്നു. എന്നിട്ട് എന്‍റെ പേര് ചോദിച്ചു. ഇവരെ കാണുന്നതെ എനിക്ക് ഇഷ്ടമല്ല. എന്‍റെ ക്ലാസ്സിലെ എല്ലാവരും എന്നെ നോക്കുന്നത് തന്നെ കുറച്ചു പരിഹാസത്തോടെയല്ലേ? ഇതിനൊക്കെ കാരണം ഇവരാണ്. എനിക്ക് ഇവരോട് മിണ്ടുകയേ വേണ്ട.  എന്നെ പൊക്കിയെടുത്ത ചേച്ചിയുടെ പേര് അനു എന്നാണെന്ന് എനിക്ക് മനസ്സിലായി. അമ്മയോട് പറയണം എന്നെ ആരും എടുക്കുന്നത് എനിക്ക് ഇഷ്ടമില്ല എന്ന് ഇവരോട് പറയണം എന്ന്.
ഒരു പീരീഡ്‌ കൂടെ കഴിഞ്ഞപ്പോള്‍ പിന്നെയും ഒരു വലിയ മണിയടിച്ചു. അപ്പോള്‍ ക്ലാസിനു പുറത്തു എന്‍റെ അമ്മയും വന്നിട്ടുണ്ടായിരുന്നു. അമ്മ എന്നെ വിളിച്ചു. അങ്ങനെ ഒരു സംഭവ ബഹുലമായ ദിവസത്തിന് ശേഷം ഞാന്‍ വീട്ടിലേക്കു നടന്നു.


പിന്നെ അനു ചേച്ചി എന്‍റെ ഒരു ബെസ്റ്റ് ഫ്രണ്ട് ആയി മാറി. :)

Wednesday, November 18, 2009

മഴക്കുഞ്ഞുങ്ങള്‍

നിര്‍ത്താതെ  പെയ്യുന്ന  മാനം  കാണുമ്പോള്‍ മഴക്കുഞ്ഞുങ്ങള്‍    എവിടെ  എന്നായിരുന്നു  അവളുടെ  ദുഃഖം.
മഴക്കുഞ്ഞുങ്ങളെ  ഒന്നു  മനസ്സ്  തുറന്നു  ചിരിക്കാന്‍  പോലും  അനുവദിക്കാതെ  എങ്ങോട്ടോ  ആട്ടിപ്പായിച്ചു
ഹുന്കാരവം  മുഴക്കിയെത്തിയ  കാറ്റ്.   കണ്ണിലേക്കു  പടര്‍ന്നു കയറിയ  പൊടി പടലങ്ങള്‍  കാഴ്ചയെ  മറച്ചപ്പോള്‍  മഴക്കുഞ്ഞുങ്ങലോടോന്നു യാത്ര  പറയാന്‍  പോലും കഴിഞ്ഞില്ല. അവര്‍ അവളെ നോക്കി പുഞ്ചിരിച്ചതും അവള്‍ കണ്ടില്ല.

കാറ്റിന്  തൊട്ടു പിന്നാലെ  ഓടിയെത്തിയ  മിന്നല്‍  പിണരുകള്‍  അവളെ  പേടിപ്പിച്ചു . ഭൂമിയെ  പ്രകമ്പനം  കൊള്ളിച്ചു. പിന്നെയും  ആര്‍ത്തു  ചിരിക്കുന്ന പേമാരിയുടെ  മുന്നില്‍ നിസ്സഹായായ് അവള്‍   തളര്‍ന്നു  വീണു.അപ്പോഴും ദൂരെ നിന്ന് മഴ കുഞ്ഞുങ്ങള്‍ അവളെ നോക്കുകയായിരുന്നു.

Monday, November 16, 2009

ഒരു സുനാമി കഥ

ഓഫീസില്‍ എത്തി കമ്പ്യൂട്ടറില്‍ ലോഗിന്‍ ചെയ്താല്‍ ആദ്യം തന്നെ ചെയ്യുന്ന ഒരു കാര്യം ഹെഡ്‌ ലൈന്‍സ് വായിക്കുകയാണ്. എന്‍റെ പത്ര വായന ഈയിടെയായി ഇങ്ങനെ ആയികൊണ്ടിരിക്കുകയാണ്.

അപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത‍. സുനാമി വാണിംഗ്. എന്‍റെ ദൈവമേ അടുത്ത ഒരു മണിക്കൂറില്‍ ഇവിടെ സുനാമി ഉണ്ടാകും എന്നാണല്ലോ പറയുന്നത്. ഈ ഓഫീസില്‍ ഞാന്‍ ജോയിന്‍ ചെയ്തിട്ട് കുറച്ചു നാളുകളെ ആയിട്ടുള്ളൂ. ജോഗ്രഫി ഒന്നും വലിയ ഐഡിയ ഇല്ല. ഞാന്‍ ബീച്ചിനു അടുത്താണോ ആവോ. നോക്കാന്‍ വരട്ടെ. കണ്ണന്‍ ഇതൊന്നും അറിയാതെ വീട്ടില്‍ ഇരുന്നു എക്സാം പ്രിപ്പറേഷന്‍ ആണ്. വീട് ബീച്ചില്‍ നിന്ന് ജസ്റ്റ്‌ ഒരു കിലോമീറ്റര്‍ മാത്രം അകലെയാണ്.അയ്യോ ...ടെന്‍ഷന്‍ ടെന്‍ഷന്‍..കണ്ണനെ വിളിക്കട്ടെ.
" കണ്ണാ ന്യൂസ്‌ കേട്ടോ..സുനാമി വാണിംഗ്. അവര്‍ പറയുന്നത് ഒരു മണിക്കൂറിനുള്ളില്‍ സുനാമി വരുമെന്നാട്ടോ. പക്ഷേ നമ്മുടെ വീട് അപ്പ്‌ഹില്ലില്‍ അല്ലേ കുഴപ്പമുണ്ടാവില്ല. എന്നാലും ഒന്നു ന്യൂസ്‌ ശ്രദ്ധിക്കണേ.
ഞാന്‍ ബീച്ചിനു അടുത്താണോ എന്നൊന്നും അറിയില്ല നോക്കട്ടെട്ടോ.."

" പ്രശ്നമുണ്ടെങ്കില്‍ ഇവര്‍ സുരക്ഷിത സ്ഥലത്തേക്ക് പോവാന്‍ പറയുമത്രേ. റേഡിയോ, മൊബൈല്‍ തുടങ്ങിയ അത്യാവശ്യ സാധനങ്ങള്‍ മാത്രമേ എടുക്കാവൂ. എന്തായാലും സെല്‍ ഫോണില്‍ റേഡിയോ ട്യൂണ്‍ ചെയ്യാന്‍ പറ്റുമോന്നു നോക്കൂട്ടോ. ഇവിടെ എല്ലാരും സുനാമി എന്ജോയ്‌ ചെയ്യുവാന്നാ തോന്നണേ. ഈ വാണിംഗ് ഒക്കെ വെറുതെയാ. ആ ഹ്യൂജ് വേവ്സ് കാണാന്‍ പോയാലോ എന്നൊക്കെയാ പലരും ചര്‍ച്ച ചെയ്യണേ. എന്താ കഥ!!!. വിചിത്ര മനുഷ്യര്‍!! ആരോ റേഡിയോ പ്ലേ ചെയ്യുന്നുണ്ട്.  അതിലാണെങ്കില്‍ സുനാമി ബാധിത പ്രദേശത്ത് നിന്നുള്ള ഫോണ്‍ ഇന്റര്‍വ്യൂ ആണ്. കാണാനില്ല ഒരു ഫാമിലിയിലെ ഇരുപതു പേര്‍ മരിച്ചു എന്നൊക്കെ."

"അയ്യോ റേഡിയോ കിട്ടുന്നില്ലേ? സാരമില്ല ടീ വീ ഉണ്ടല്ലോ..അത് ഓണ്‍ ചെയൂ. എന്താ അതില്‍ ഫിട്നെസ്സ് പ്രോഗ്രാമോ. എന്‍റെ ദൈവമേ?ചാനല്‍ മാറ്റൂ എന്താ കുക്കറി ഷോ ആണെന്നോ? ആകെ മൂന്നു ചാനല്‍ മാത്രം കേബിള്‍ ഇല്ലെങ്കില്‍. അതില്‍ ഇങ്ങനെ. നീറോ ചക്രവര്‍ത്തിയെ പോലെയാണല്ലോ ടെലിവിഷന്‍ ചാനല്‍സ്. ഇനിപ്പോ എന്താ ചെയ്യുക. ഭാഗ്യം ന്യൂസ്‌ പേപ്പര്‍ വെബ്‌സൈറ്റില്‍ ലൈവ് വരുന്നുണ്ട്.അത് നോക്കൂ. ഞാന്‍ സേഫ് ഏരിയയില്‍  ആണെന്നാ തോന്നണേ. ബീച്ചിലേക്ക് മൂന്നു കിലോ മീറ്റര്‍ ഉണ്ടെന്നു പറയുന്നു."

"എന്നാല്‍ ശരി.ഇന്ന് പണിയൊന്നും നടക്കുന്ന ലക്ഷണമില്ല.നമ്മള്‍ രണ്ടാളും സേഫ് ഏരിയയില്‍ ആണ്. കുഴപ്പമില്ല.ഞാന്‍ ഇത്തിരിനേരം കഴിഞ്ഞു വിളിക്കാംട്ടോ."


ഇത് കഴിഞ്ഞ മാസം ഇവിടെ നടന്ന ഒരു സംഭവം.എന്തായാലും വലിയ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാവാതെ പ്രതീക്ഷിച്ച അത്രയും ഭീകരമല്ലാതെ സുനാമി വന്നു പോയി.
ഒരു സുനാമി വാണിംഗ് പറഞ്ഞിട്ടും അത് വളരെ തമാശയായി ആസ്വദിച്ച കുറച്ചുപേരെയും ഞാന്‍ കണ്ടു. ഇതിനിടെ വലിയ തിരമാലകള്‍ കാണാന്‍ ബീച്ചിലേക്ക് പോയവരും അങ്ങോട്ട്‌ കടത്തി വിടാത്തതിനാല്‍ പോലീസിനെ തെറി പറഞ്ഞവരും ഉണ്ട്.
ഓണത്തിനിടയില്‍ പൂട്ട്‌ കച്ചവടം പോലെ ടി വി ചാനലുകളും.



I am shocked !!!!!!!!

Thursday, November 12, 2009

സ്നേഹം കൊണ്ടൊരു വീട്

സ്നേഹം കൊണ്ടൊരു വീട്. അതായിരുന്നു ഞങ്ങളുടെ തറവാട്.
സ്നേഹം കൊണ്ടുള്ള മുത്തശ്ശിയുള്ള വീട്.
നിറയെ പൂക്കളും മരങ്ങളും കിളികളും ഉള്ള വീട്. വീടിനു പുറത്തു മുല്ലപൂവിന്റെയും
പരിജാതതിന്റെയും മണമുള്ള തണുത്ത കാറ്റ്. നന്ദ്യാര്‍വട്ടവും മന്ദാരവും ചെമ്പര്ടതിയും
തെറ്റിയും എപ്പോഴും പൂവിട്ടു നില്‍ക്കുന്ന മുറ്റം. ആര്യവേപ്പും മുല്ലയും തുളസിയും മൈലാഞ്ചിയും
മത്സരിച്ചു വളരുന്ന പറമ്പ്.
ഇത്തിരി നടന്നാല്‍ മുത്തശ്ശിയുടെ പ്രിയപ്പെട്ട ഔഷധ ചെടികളുടെ ശേഖരണം.
നീലാമരിയും തൊഴുകണ്ണിയും കറുകയും കൂവളവും പിന്നെ എനിക്ക് പേരറിയാത്ത കുറെ ചെടികളും.

പഞ്ചാര വരിക്ക മാവിന്റെ ചോട്ടില്‍ എപ്പോഴും ഉണ്ടാവും മധുരം കിനിയുന്ന മാമ്പഴം. അതിനടുത്തു തന്നെ നില്‍ക്കുന്ന 
പുളിച്ചി മാവ്. പുളിച്ചി എന്നൊക്കെയാണ് പേരെങ്കിലും അതിലെ മാമ്പഴതിനും  നല്ല  മധുരം.
അതിലെ മാമ്പഴമാണ് മുത്തശ്ശിയുടെ പ്രസിദ്ധമായ മാമ്പഴ പുളിശ്ശേരിക്ക് ഉപയോഗിച്ചിരുന്നത്. 
ഇത്തിരി കൂടെ നടന്നാല്‍ നെല്ലി മരം. അതിലെ നെല്ലിക്കയും കടിച്ചു കിണര്‍ വെള്ളം കുടിക്കുമ്പോള്‍ എന്താ മധുരം.
കുറച്ചു കൂടെ താഴേക്ക്‌ നടന്നാല്‍ അവിടെയതാ പന. അതിലെ പഴുത്ത കായ്കളും ശര്‍ക്കരയും ചേര്‍ത്ത് മുത്തശ്ശി കുട്ടികള്‍ക്കായി ഒരു വിഭവം ഉണ്ടാക്കി തരുമായിര‌ുന്നു.

മുത്തശ്ശിയുടെ അവിയലിന്റെയും പച്ചടിയുടെയും ഒന്നും രുചി ഒരിക്കലും മറക്കാന്‍ പറ്റില്ല. എന്‍റെ അമ്മയുടെ അവിയല്‍ അതിന്റെ ഏഴയലത്തു പോലും എത്തില്ലെന്നുള്ള എന്‍റെ പരാതി മാറ്റാന്‍ അമ്മ വര്‍ഷങ്ങളായി ആഞ്ഞു പരിശ്രമിക്കുയാനെന്കിലും ഇതുവരെ ആ ശ്രമം വിജയിച്ചിട്ടില്ല.

വീടിനുള്ളിലെ ആരും ഉപയോഗിക്കാത്ത മുറികള്‍ തുറക്കാന്‍ എനിക്ക് വല്യഇഷ്ടമായിരുന്നു എന്നും.
ചില മുറികളില്‍ പഴയ പഴയ പുസ്തക ശേഖരങ്ങള്‍, പഴയ പത്രങ്ങള്‍,പഴയ ചിത്രങ്ങള്‍,
മുത്തശ്ശിയുടെ അച്ഛന്റെ കയ്യെഴുത്ത് പ്രതികള്‍ തുടങ്ങീ എനിക്ക് താല്പര്യമുള്ള പല പല വസ്തുക്കളും ഉണ്ടാവും.
ഈ കയ്യെഴുത്ത് പ്രതികള്‍ ഞാന്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത വിവിധ നിറങ്ങളിലുള്ള മഷി
കൊണ്ടെഴുതിയവയാണ്. അതൊക്കെ പല ഇലകളുടെയും ചെടികളുടെയും നീര്
കൊണ്ടുണ്ടാക്കിയതാനെന്നാണ്  മുത്തശ്ശി പറയുന്നത്.
അത്രയും  മനോഹരമായ കയ്യക്ഷരം ഞങ്ങള്‍ക്കാര്‍ക്കുമില്ല എന്നും മുത്തശ്ശി പറയും. മറ്റു ചില മുറികളിലും,
തട്ടിന്‍ പുറത്തും പഴയ ചെമ്പു പാത്രങ്ങളും  ഭരണികളും  ഭംഗിയുള്ള കടഞ്ഞ കാലുകള്‍
ഉള്ള കട്ടിലുകളും ആണ്. ആ കൂട്ടത്ത്ത്തില്‍ ഒരു കാലൊടിഞ്ഞ കട്ടിലുണ്ട്‌. ഇന്ദിര ഗാന്ധിയുടെ മരണാനന്തര ചടങ്ങുകള്‍
ടെലിവിഷനില്‍ കാണാന്‍ വന്ന സ്ത്രീകളും കുട്ടികളും ഇരുന്നപ്പോള്‍ കാലൊടിഞ്ഞു പോയ ആ കട്ടിലിന്റെ കഥ
ഞാന്‍ പല പ്രാവശ്യം മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട്. ആ കാലത്ത് ആ പ്രദേശത്ത് ടി വി ഉണ്ടായിരുന്ന ഒരേ ഒരു വീടായിരുന്നുവത്രേ അത്.
പിന്നെ മുത്തശ്ശിയുടെ സ്നേഹം അളവില്ലാതെ ചേര്‍ത്ത് ഉണ്ടാക്കിരുന്ന നാലുമണി പലഹാരങ്ങള്‍. അവല്‍ വിളയിച്ചത്,
ഇലയപ്പം, ഉണ്ണിയപ്പം,കളിയോടയ്ക്ക അങ്ങനെ എന്തെങ്കിലും ഞങ്ങള്‍ക്കായി കരുതി വയ്ക്കും മുത്തശ്ശി. അതിനൊക്കെയും ഒരു പ്രത്യേക രുചിയും. മുത്തശ്ശി തന്നിരുന്ന ചെറു പഴത്തിനു പോലും ഒരു സവിശേഷമായ മധുരം.
സ്നേഹത്തിന്റെ മധുരം.

Wednesday, November 4, 2009

ബാലരമയും ജീനിയും

ആദ്യമായി വായിക്കാന്‍ പഠിച്ചപ്പോള്‍ തന്നെ എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു ബാലരമയും പൂമ്പാറ്റയുമൊക്കെ. പ്രത്യേകിച്ചും ബാലരമയില്‍ പ്രസിദ്ധികരിച്ചിരുന്ന ഉണ്ണിക്കഥകള്‍. ആ കഥകളൊക്കെ എല്ലാവരെയും വായിച്ചു കേള്‍പ്പിക്കലായിരുന്നു എന്‍റെ മറ്റൊരു പ്രധാന ഹോബി.

അക്കാലത്തെ എന്‍റെ ഏറ്റവും വലിയ ദുഃഖം ഞാന്‍ വായിക്കാതെ പോയ എനിക്ക് മുന്‍പ് പ്രസിദ്ധികരിക്കപെട്ടു  പോയ ബാലരമാകളെയും പൂമ്പാറ്റകളെയും മറ്റു കഥ പുസ്ടകങ്ങളെയും ഓര്‍ത്തായിരുന്നു. അമ്മയുടെ ശേഖരത്തിലെ പഴയ ബാലരമകളും ചിത്രകഥകളും വായിച്ചപ്പോള്‍ ആ വിഷമം ഇത്തിരി മാറി.പക്ഷേ എന്നാലും ഞാന്‍ മിസ്സ് ചെയ്ത ബാലരമകളെ ഞാന്‍ ഓര്‍ത്തു കൊണ്ടേയിരുന്നു.

ആയിടെ ഒരു ദിവസം അമ്മ എനിക്ക് അല്ലാവുദ്ദിന്റെ കഥ പറഞ്ഞു തന്നു. അതോടെ എന്‍റെ ബാലരമ പ്രശ്നത്തിനും ഒരു ഉത്തരമായി. എല്ലാ കുട്ടികള്‍ക്കും ഒരു ദിവസം ഒരു ജീനിയെ കിട്ടുമെന്ന് തന്നെ ഞാന്‍ വിശ്വസിച്ചു. ജീനിയോടു പറയാന്‍ എനിക്ക് ഒരേ ഒരു ആഗ്രഹം മാത്രം. ഈ ലോകത്ത് ഇന്ന് വരെ ഉണ്ടായിട്ടുളള എല്ലാ ബാലരമകളും പൂമ്പാറ്റകളും ബാലമംഗളങ്ങളും ചിത്രകഥകളും എനിക്ക് വേണം. അങ്ങനെ എന്‍റെ ഉറക്കം കെടുത്തിയിരുന്ന വലിയ ഒരു സമസ്യക്ക് ഉത്തരം കണ്ടെത്തിയ സമാധാനത്തില്‍ ഞാന്‍ ജീനിയെ കാത്തിരുന്നു.

Tuesday, November 3, 2009

സ്വപ്നം

എന്താ അവിടെ ഒരു ആള്‍ക്കൂട്ടം. എല്ലാരും തിക്കി തിരക്കി എന്തോ നോക്കുന്നുണ്ട്. മീരയും അങ്ങോട്ട്‌ നടന്നു.
എല്ലാരും ഒരു വീടിന്റെ മുന്‍പിലാണ് കൂടി നില്‍ക്കുന്നത്. പൂമുഖത്ത് ഒരു ചെറുപ്പക്കാരന്‍ ചാരുകസേരയില്‍ പത്രം വായിച്ചു ഇരിക്കുന്നു. തൊട്ടടുത്ത്‌ ഒരു കണ്ണാടി കൂട് ഉണ്ട്. എല്ലാരും അത് കാണാനാണ് കൂടി നില്‍ക്കുന്നത്. ആ കണ്ണാടി കൂടിനുള്ളില്‍ അതിമനോഹരമായ ഒരു പ്രതിമയെ കിടത്തിയിട്ടുണ്ട്. ഇത്രയും മനോഹരമായ ഒരു പ്രതിമ മീര ഇതുവരെ കണ്ടിട്ടില്ല.
പെട്ടെന്ന് ശക്തമയ ഒരു കാറ്റ് വീശി.ആ കണ്ണാടി കൂടിന്റെ ചെറിയ ജാലകങ്ങള്‍ തുറക്കാന്‍ മാത്രം ശക്തമായ ഒരു കാറ്റ്.
ആ പ്രതിമയ്ക്കും എന്തോ ഒരു മാറ്റം സംഭവിക്കാന്‍ തുടങ്ങി.അതിന്റെ രൂപം മാറി മാറി അത് ഒരു ഓമനത്തമുള്ള കുഞ്ഞായി. ഈയിടെ വന്ന ഒരു പരസ്യത്തില്‍ കാണുന്ന പോലെയുള്ള ക്യൂട്ട് ബേബി.

ആ കുഞ്ഞു കണ്ണാടി കൂടിനുള്ളില്‍ നിന്നും പുറത്തു വന്നു അതിനു ചുറ്റും നടക്കാന്‍ തുടങ്ങി.മീരക്ക്അടുത്ത് പോയി ഒന്നു കാണണം. പിന്നിലെ വാതിലില്‍ കൂടി കയറിയാല്‍ അടുത്ത് പോയി കാണാന്‍ പറ്റുമായിരിക്കും.മീര വീടിനു പിന്നിലേക്കു നടന്നു. ആരെയും കാണുന്നില്ല. വാതില്‍ ചാരിയിട്ടെ ഉള്ളൂ. മീര വാതില്‍ തുറന്നു അകത്തു കയറി.ആരും ഇല്ല.പതുക്കെ നടന്നു ആ കുഞ്ഞിന്റെ അടുത്ത് എത്തി.അത് മീരയെ രൂക്ഷമായി നോക്കി മീരയുടെ നേര്‍ക്ക്‌ ഓടി വന്നു.അതിന്റെ മുഖത്തെ ഭാവം പേടിപെടുത്തുന്ന ഒന്നായിരുന്നു. മീരക്ക് പേടിയായി.
" എന്നെ ഒന്നും ചെയ്യല്ലേ മോളെ" .
" എന്താ വിളിച്ചത്"
"മോളെ"
"മോളോ?  എന്നാല്‍ ശരി!!!"
ആ കുഞ്ഞു തിരിച്ചു നടന്നു. മീര അപ്പോഴേക്കും ഓടി ഓടി പുറത്തു എത്തി കഴിഞ്ഞിരുന്നു. ആ കുഞ്ഞിനു വാതില്‍ കടന്നു പുറത്തു വരാന്‍ പറ്റില്ലാത്രെ.


മീരാ മീരാ എഴുന്നേല്‍ക്കൂ..നേരം പുലര്‍ന്നു.

Sunday, November 1, 2009

എന്റെ മുത്തശ്ശി


മൂന്നാലു ദിവസങ്ങള്‍ക്കു മുന്‍പ്
 വരെ ഓര്‍ക്കാനിഷ്ടമുള്ള ഒരു
 കുളിര്‍ സ്പര്‍ശം, തുളസിയുടെയും ചന്ദനത്തിന്റെയും   മണമുള്ള
എപ്പോഴും കഥകള്‍ പറയുന്ന എല്ലാവരെയും സ്നേഹിച്ചിരുന്ന എന്റെ മുത്തശ്ശി.
കഴിഞ്ഞ ആഴ്ച മുത്തശ്ശി പോയി എന്നൊരു ഫോണ്‍ സന്ദേശം എന്നെ തേടി വന്നപ്പോള്‍
ഒരു തരം നിര്‍വികാരത ആദ്യം.
കുറച്ചു നിമിഷങ്ങള്‍ കഴിഞ്ഞു യാഥാര്‍ധ്യത്ത്തിലേക്ക് തിരിച്ചു വന്നപ്പോള്‍
ഇനി ഒരിക്കലും ആ മടിയില്‍ തല വച്ച് കിടക്കാനാകില്ലെന്ന നഷ്ടബോധം.
ഒരു തരം മരവിപ്പ്.
വിശ്വസിക്കാന്‍ ഇഷ്ടമില്ലാത്ത സത്യം .
കഴിഞ്ഞ പന്ത്രണ്ടു മണിക്കൂറുകള്‍ എന്റെ മുത്തശ്ശി നിശ്ചലയായി കിടക്കുകയിരുന്നു എന്ന
ചിന്ത തന്നെ എനിക്ക് താങ്ങാവുന്നതിലും അധികമായിരുന്നു.
പക്ഷേ അപ്പോഴും ഞാന്‍ കരയുന്നില്ലായിരുന്നു എന്ന വസ്തുത എന്നെ അത്ഭുതപ്പെടുത്തി...
കണ്ണുനീര്‍ വറ്റിയ പോലെ..
ചന്ദനതിന്റെയും തുളസിയ്ടെയും മണമുള്ള ഒരു കാറ്റ് എന്നെ തഴുകി കടന്നു പോയത് പോലെ..
എന്റെ തോന്നലോ സത്യമോ...

Wednesday, October 21, 2009

സപ്തസ്വരങ്ങള്‍

സപ്തസ്വരങ്ങള്‍ എന്ന് പേരിട്ടത് സംഗീതം എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമുള്ള ഒരു സംഭവം ആയതുകൊണ്ട് മാത്രമല്ല. എനിക്ക്ക് ഇഷ്ടമുള്ള പല പേരുകളും എല്ലാരും പണ്ടേ എടുത്തു ബ്ലോഗുകള്‍ ഉണ്ടാകിയതിനാല്‍ പേരുകളുടെ ദൌര്‍ലഭ്യം  ഉണ്ടായതു കൊണ്ടുമാണ്. എന്തായാലും വല്ലപ്പോഴും ഞാന്‍ സന്ഗീതത്ത്തിനെ കുറിച്ചും ഇവിടെ എഴുതാന്‍ ശ്രമിക്കാം.

അത് പറഞ്ഞപ്പോഴാ ഞാന്‍ ആദ്യമായി പാട്ട് പഠിക്കാന്‍ പോയ കാര്യം ഓര്‍ത്തത്‌. എന്റെ അമ്മക്കാണു തോന്നിയത് ദൈവം എനിക്കും എന്തൊക്കയോ കഴിവുകള്‍ തന്നിട്ടുണ്ടെന്നും ഞാനും നന്നായി പാട്ട് പാടുമെന്നും. എന്തായാലും അമ്മ എന്നെ പാട്ട് പഠിപ്പിക്കാന്‍ തീരുമാനിച്ചു. അപ്പോഴാണ് അടുത്ത പ്രശ്നം. പഠിപ്പിക്കാന്‍ ഒരു ഗുരു വേണ്ടേ?  എല്ലാവരും എനിക്ക് വേണ്ടി ഒരു ഗുരുവിനെ അന്വേഷിച്ചു. അപ്പോഴാണ് അറിഞ്ഞത് എന്റെ വീടിന്റെ അടുത്തുള്ള വേറൊരു വീട്ടിലെ കുട്ടികളെ പഠിപ്പിക്കാന്‍ ഒരു അധ്യാപകന്‍ വരുന്നുണ്ടെന്ന്.  അടുത്ത ദിവസം ഞാനും അമ്മയും കൂടെ പോയി അദ്ദേഹത്തെ കണ്ടു. അദ്ദേഹം എന്നെ പഠിപ്പിക്കാമെന്ന് സമ്മതിച്ചു. അടുത്ത ആഴ്ച മുതല്‍ ഞാനും സംഗീതപഠനം തുടങ്ങി.
എന്റെ ഓര്മ ശരിയാണെങ്കില്‍ എനിക്ക് അഞ്ചു വയസ്സാണ് പ്രായം. കര്‍ണാടക സന്ഗീതതിനെ കുറിച്ച് ഒരു വിവരവും ഇല്ല.ആകെ അറിയാവുന്നതു കുറച്ചു നഴ്സറി റൈംസ് മാത്രമാണ്. പിന്നെ അമ്മ പഠിപ്പിച്ച  ഒന്നു രണ്ടു ലളിത ഗാനങ്ങളും. എന്തായാലും എന്റെ സംഗീത പഠനം തുടങ്ങി. പുതിയ ഒരു ഹാര്‍മോണിയം വാങ്ങി. ശ്രുതി വേണ്ടേ? ഞാന്‍ നോക്കിയപ്പോള്‍ എല്ലാ ദിവസവും എന്നെ പഠിപ്പിക്കുന്നത്‌ സപ്ത സ്വരങ്ങള്‍ മാത്രം. ഇതെന്താ ഇതാണോ ഈ കര്‍ണാടക സംഗീതം. ഇത് പഠിക്കാനാണോ ഞാന്‍ ഇത്രയും കഷ്ടപ്പെട്ട് ഗുരുവിനെ കണ്ടു പിടിച്ചത്.
എനിക്ക് ഒരു നോട്ട് ബുക്കും ഉണ്ട്. അതില്‍ ഇത് വരെ ഒരു പാട്ട് എഴുതി തന്നിട്ടില്ല. പകരം എന്തൊക്കെയോ താളം, രാഗം എന്നൊക്കെയാ. ഞാന്‍ ആകെ മടുത്തു. അങ്ങനെ ഇരിക്കുമ്പോഴാ അടുത്ത പ്രശ്നം. എന്റെ മൂന്നു വയസ്സുകാരി അനിയത്തി എന്നെക്കാള്‍ നന്നായി പാഠങ്ങള്‍ മനസിലാക്കുന്നു എന്ന് മാത്രമല്ല അവളുടെ ശബ്ദവും എന്നേക്കാള്‍ നല്ലതാണത്രേ.
അങ്ങനെ അവളും തുടങ്ങി സംഗീത പഠനം. ആദ്യമായി എനിക്കൊരു കോമ്പടീട്ടര്‍.   

എന്തായാലും അങ്ങനെ ഞങ്ങള്‍ ഏഴു എട്ടു വര്ഷം സംഗീതം പഠിച്ചു. പിന്നെ അതവിടെ ഉപേക്ഷിച്ചു. പക്ഷെ ഇന്ന് ഞാന്‍ ഒത്തിരി വിഷമത്തോടെ ഓര്‍ക്കുന്നു എത്ര വലിയ ഒരു അനുഗ്രഹം ആണ് ഞാന്‍ അവിടെ ഉപേക്ഷിച്ചത് എന്ന്. ഇന്ന് ആ സംഗീത പഠനം വീണ്ടും തുടങ്ങാന്‍ എനിക്ക് അതിയായ ആഗ്രഹം ഉണ്ടെങ്കിലും പല പല കാരണങ്ങളാല്‍ അത് നടക്കുന്നില്ല. എന്നാലും ഞാന്‍ അത് വീണ്ടും തുടങ്ങും എന്ന പ്രതീക്ഷയോടെ എന്റെ ആദ്യത്തെ മലയാളം ബ്ലോഗ്‌ ഇവിടെ നിര്ത്തുന്നു.
ദയവായി എന്റെ സ്പെല്ലിംഗ് മിസ്റ്റേക്കുകള്‍ ക്ഷമിക്കുക. അടുത്ത തവണ മുതല്‍ കൂടുതല്‍ ശ്രദ്ധിക്കാം.