Friday, November 20, 2009

ഒരു റാഗിങ്ങിന്റെ ഓര്‍മ്മയ്ക്ക്‌

കാത്തു കാത്തിരുന്ന് അവസാനം ആ സുദിനം വന്നെത്തി.

ഞാന്‍ ആദ്യമായി സ്കൂളില്‍ പോകുന്ന ദിവസം.
വളരെ ഉത്സാഹത്തോടെ രാവിലെ നേരത്തെ എണീറ്റ് റെഡി ആയി അമ്മയോടൊപ്പം ഞാന്‍ ഒന്പതരക്ക് തന്നെ സ്കൂളില്‍ എത്തി.

ഒത്തിരി കുട്ടികള്‍.അവരുടെയൊക്കെ അച്ഛനോ അമ്മയോ ഉണ്ട് കൂടെ. അമ്മ എന്നെ എന്‍റെ ക്ലാസ്സില്‍ കൊണ്ട് പോയി. ആദ്യം തന്നെ ഞാന്‍ ശ്രദ്ധിച്ച കാര്യം ക്ലാസ്സ്‌ മുറിയിലെ ബെഞ്ചുകളുടെ ക്രമീകരണം ആയിരുന്നു. എന്‍റെ പ്ലേ സ്കൂളില്‍ ഒന്നിന് പിന്നില്‍ ഒന്നായി നിരകളായിട്ടായിരുന്നു ബെഞ്ചുകള്‍. പക്ഷേ ഇവിടെ ഒരു സമചതുരം പോലെ. ബ്ലാക്ക്‌ ബോര്‍ഡില്‍ 1 , 2 , 3 , 4 , 5 എന്നെഴുതിയിട്ടുണ്ട്. അതിനു നേരെ മുയലുകളുടെ ചിത്രവും. 15 മുയലുകള്‍ ബോര്‍ഡില്‍. അത് കണ്ടപ്പോള്‍ എനിക്ക് വലിയ സന്തോഷമായി.

അമ്മയും എന്നോടൊപ്പം അവിടെ നിന്നു. ഞങ്ങള്‍ കുറച്ചു കുട്ടികളെയൊക്കെ  പരിചയപ്പെട്ടു. എന്‍റെ അടുത്തായി ഒരു കുട്ടി ഒറ്റയ്ക്ക് ഇരിക്കുന്നുണ്ടായിരുന്നു. ഞാന്‍ അവളോട്‌ ചോദിച്ചു " എന്താ കുട്ടിയുടെ പേര്? "
" ചേട്ടന്റെ അനിയത്തി"
ഞാന്‍ അമ്മയെ നോക്കി. അമ്മ എന്നെ നോക്കി പുഞ്ചിരിച്ചു. എന്തൊരു വിചിത്ര പേര്. ഞാന്‍ ഓര്‍ത്തു.

അപ്പോള്‍ ഒരു മണിയടിക്കുന്ന ശബ്ദം. അമ്മ പറഞ്ഞു സ്കൂളില്‍ ഇങ്ങനെയാണ്. സ്കൂള്‍ തുടങ്ങുമ്പോഴും തീരുമ്പോഴും മണിയടിക്കും. എനിക്ക് ഒന്നും മനസ്സിലായില്ല. എന്തിനാ ഇങ്ങനെ മണിയടിക്കുന്നത്? അധികം ആലോചിക്കാന്‍ സമയം കിട്ടിയില്ല. അപ്പോള്‍ ഒരു ടീച്ചര്‍ വന്നു ക്ലാസ്സ്‌ മുറിയിലേക്ക്. സ്കൂള്‍ കഴിയുമ്പോള്‍ എന്നെ വിളിക്കാന്‍ വരുമെന്ന് പറഞ്ഞു അമ്മ പുറത്തേക്കു ഇറങ്ങി.
ടീച്ചര്‍ പറഞ്ഞു അസ്സംബ്ലി എന്ന് പറയുന്ന എന്തോ ഒരു സംഭവം എല്ലാ ദിവസവും രാവിലെ ഉണ്ട്. നമ്മള്‍ ഇപ്പോള്‍ അതിനു പോവുകയാണെന്ന്. ഞാന്‍ ആകെ കണ്ഫ്യൂസ്ഡ് ആയി. ഇവിടെ നടക്കുന്നതെല്ലാം എനിക്ക് പുതിയ കാര്യങ്ങള്‍ ആണല്ലോ. ഇത്രയും ഒരുമിച്ചു ദഹിക്കില്ല. എന്തായാലും എല്ലാവരോടും ഒപ്പം ഞാനും നടന്നു അസ്സെംബ്ലി ഗ്രൌണ്ടിലേക്ക്.
അവിടെ എത്തിയപ്പോള്‍ അടുത്ത അത്ഭുതം. സ്ക്കൂളിലെ മുഴുവന്‍ കുട്ടികളും അവിടെ നിരന്നു നില്‍ക്കുകയാണ്. ഞങ്ങളെയും ടീച്ചര്‍ ഒരു വരിയായി നിര്‍ത്തി. അവിടെ കുറച്ചുനേരം നിന്ന് എന്തൊക്കെയോ കേട്ടു. വളരെ കുറച്ചു കാര്യങ്ങളെ എനിക്ക് മനസ്സിലായുള്ളൂ. എന്തായാലും അത് കഴിഞ്ഞു പിന്നെയും ക്ലാസ്സില്‍ എത്തി.

ഞങ്ങളുടെ ക്ലാസ്സ്‌ ടീച്ചറിന്റെ പേര് എസ്സിലി. ടീച്ചര്‍ ബോര്‍ഡിലെ മുയലുകളെ മായ്ച്ചു കളഞ്ഞത് മാത്രമേ എന്‍റെ ഓര്‍മയില്‍ ഉള്ളൂ. ആ ദിവസം ക്ലാസ്സില്‍ എന്താ നടന്നതെന്ന് എത്ര ആലോചിട്ടും എനിക്ക് ഒരു തരിപോലും ഓര്‍മയില്ല. എനിക്ക് കുറച്ചു കൂട്ടുകാരെ കിട്ടി. എന്‍റെ അടുത്തിരുന്ന ദീപയും മഞ്ജുവും നിഷയും.

കുറച്ചു നേരം കഴിഞ്ഞപ്പോള്‍ വീണ്ടും മണിയടിച്ചു. ടീച്ചര്‍ പോയി. എനിക്ക് മനസ്സിലായി, സ്കൂള്‍ തീര്‍ന്നതിന്റെ മണിയാണ് ഇപ്പോള്‍ കേട്ടത്. പക്ഷേ അമ്മയെ കാണുന്നില്ല. പക്ഷേ എനിക്ക് വീട്ടില്‍ പോകാനുള്ള വഴി അറിയാമല്ലോ. അമ്മ വരാന്‍ വേണ്ടി വെയിറ്റ് ചെയ്യേണ്ട ആവശ്യമില്ല. ഞാന്‍ എന്‍റെ ബാഗും വാട്ടര്‍ ബോട്ടിലും കുടയും എടുത്തു. പുറത്തേക്കു നടന്നു. ഇതെന്താ എല്ലാവരും എന്നെ തന്നെ നോക്കുന്നത്. ഏയ് എന്‍റെ തോന്നലായിരിക്കും. പക്ഷേ എന്താ മറ്റുള്ളവരൊന്നും പോകാത്തത്. അവരൊക്കെ അമ്മമാരെ വെയിറ്റ് ചെയ്യുകയായിരിക്കും. വീട്ടില്‍ പോവാനുള്ള വഴി അറിയില്ലായിരിക്കും. ഞാന്‍ മിടുക്കി കുട്ടിയാണല്ലോ. എനിക്ക് മാത്രം വീട്ടില്‍ തന്നെ പോവാന്‍ വഴിയൊക്കെ അറിയാം. എനിക്ക് എന്നെ കുറിച്ച് വളരെ അഭിമാനം തോന്നി. ഞാന്‍ അങ്ങനെ തലയുയര്‍ത്തി നടന്നു.

ഞാന്‍ സ്കൂളിന്റെ ഗേറ്റിനടുത്തു എത്താറായപ്പോഴാണ് അവര്‍ എന്‍റെ അടുത്തേക്ക് വന്നത്. ഒരു കൂട്ടം ചേച്ചിമാര്‍. ഏതോ വലിയ ക്ലാസ്സിലെ കുട്ടികള്‍. അവര്‍ ചോദിച്ചു മോളെവിടെ പോവുകയാ. എനിക്ക് ആ ചോദ്യം ഇഷ്ടമായാതെ ഇല്ല. ഇവര്‍ക്കറിയില്ലേ സ്കൂള്‍ കഴിഞ്ഞാല്‍ എല്ലാവരും വീട്ടില്‍ പോകുമെന്ന്. എന്നാലും പറഞ്ഞു ഞാന്‍ വീട്ടില്‍ പോകുവാ. അപ്പോള്‍ ചോദിക്കുവാ എന്തിനാ ഇപ്പോള്‍ വീട്ടില്‍ പോകുന്നത്. ദേ പിന്നെയും ചോദ്യം. എന്‍റെ ക്ഷമയെ പരീക്ഷിക്കരുത്. ഞാന്‍ പറഞ്ഞു സ്കൂള്‍ കഴിയുമ്പോള്‍ എന്നെ വിളിക്കാന്‍ വരുമെന്നാ അമ്മ പറഞ്ഞത്. പക്ഷേ അമ്മയെ കാണുന്നില്ല.എനിക്ക് തന്നെ പോവാന്‍ അറിയാം. ഞാന്‍ വീട്ടില്‍ പോകുവാ.

അപ്പോള്‍ അവര്‍ പറഞ്ഞു. സ്കൂള്‍ കഴിഞ്ഞിട്ടില്ല. ഇത് ഇന്റര്‍വല്‍  ആണ്. ഇല്ല ഇല്ല എന്നെ പറ്റിക്കാനൊന്നും നോക്കണ്ട. അമ്മ പറഞ്ഞല്ലോ സ്ക്കൂള്‍ കഴിയുമ്പോഴാണ് മണിയടിക്കുന്നതെന്ന്. എനിക്കറിയാം സ്കൂള്‍ കഴിഞ്ഞു. ഞാന്‍ പോകുവാ. അപ്പോഴേക്കും അടുത്ത മണിയടിച്ചു. അവര്‍ എന്നെ പൊക്കിയെടുത്തു എന്‍റെ ക്ലാസ്സ്‌ മുറിയിലേക്ക് കൊണ്ട് പോയി. എന്നെ ബെഞ്ചില്‍ ഇരുത്തി. ക്ലാസ്സിലെ എല്ലാവരും എന്നെ നോക്കി ചിരിക്കുകയായിരുന്നു. അപ്പോള്‍ ക്ലാസ്സിലേക്ക് വന്ന ടീച്ചരിനോടും അവര്‍ കഥ മുഴുവനും പറഞ്ഞു. ഞാന്‍ ഓര്‍ക്കുകയായിരുന്നു അമ്മക്ക് അറിയില്ലാത്ത എന്തൊക്കെ കാര്യങ്ങളാ. അമ്മയുടെ സ്കൂളില്‍ ഇന്റെര്‍വല്‍ ഇല്ലായിരുന്നോ ആവോ. വീട്ടില്‍ പോകുമ്പോള്‍ ചോദിക്കണം. പക്ഷേ എന്നാലും അവരെന്നെ പൊക്കിയെടുത്തത് എനിക്ക് തീരെ ഇഷ്ടമായില്ല.
അങ്ങനെ ഒരു പീരീഡ്‌ കൂടെ കഴിഞ്ഞു. അപ്പോള്‍ അവര്‍ പിന്നെയും വന്നു. എന്നിട്ട് എന്‍റെ പേര് ചോദിച്ചു. ഇവരെ കാണുന്നതെ എനിക്ക് ഇഷ്ടമല്ല. എന്‍റെ ക്ലാസ്സിലെ എല്ലാവരും എന്നെ നോക്കുന്നത് തന്നെ കുറച്ചു പരിഹാസത്തോടെയല്ലേ? ഇതിനൊക്കെ കാരണം ഇവരാണ്. എനിക്ക് ഇവരോട് മിണ്ടുകയേ വേണ്ട.  എന്നെ പൊക്കിയെടുത്ത ചേച്ചിയുടെ പേര് അനു എന്നാണെന്ന് എനിക്ക് മനസ്സിലായി. അമ്മയോട് പറയണം എന്നെ ആരും എടുക്കുന്നത് എനിക്ക് ഇഷ്ടമില്ല എന്ന് ഇവരോട് പറയണം എന്ന്.
ഒരു പീരീഡ്‌ കൂടെ കഴിഞ്ഞപ്പോള്‍ പിന്നെയും ഒരു വലിയ മണിയടിച്ചു. അപ്പോള്‍ ക്ലാസിനു പുറത്തു എന്‍റെ അമ്മയും വന്നിട്ടുണ്ടായിരുന്നു. അമ്മ എന്നെ വിളിച്ചു. അങ്ങനെ ഒരു സംഭവ ബഹുലമായ ദിവസത്തിന് ശേഷം ഞാന്‍ വീട്ടിലേക്കു നടന്നു.


പിന്നെ അനു ചേച്ചി എന്‍റെ ഒരു ബെസ്റ്റ് ഫ്രണ്ട് ആയി മാറി. :)

6 comments:

  1. കുട്ടിക്കാലത്തേക്കൊരു തിരിഞ്ഞുനോട്ടം, അല്ലേ? നന്നായി.

    ReplyDelete
  2. നല്ല എഴുത്താണ്.

    ReplyDelete
  3. കുമാരന്‍,

    ഈ പ്രോത്സാഹനത്തിനു ഒത്തിരി നന്ദി.

    ReplyDelete
  4. എനിക്കും പറ്റിയിട്ടുണ്ട് ഈ അബദ്ധം...ഇന്റെര്‍വല്‍ ബെല്‍ കേട്ടു ഞാന്‍ ബാഗും കുടയും എടുത്തു ക്ലാസിനു പുറത്തു ഇറങ്ങി നിന്നു....മുതിര്‍ന്ന ചേച്ചിമാര്‍ ആണ് എന്നെയും തിരിച്ചു ക്ലാസ്സിലേക്ക് വിട്ടത്..:)..

    ReplyDelete
  5. ..
    നന്നായിട്ടൂണ്ട്. ഒരു മാത്ര ഒരു തിരിച്ച് പോക്ക്, പഴയ ഒന്നാം ക്ലാസിലേക്ക്,

    ഇവിടെ വായിച്ചതിലേറ്റവും നല്ലതെന്ന് തോന്നുന്നു :)
    ..

    ReplyDelete